കോട്ടയം: ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി കോട്ടയം ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവും സഹപ്രവർത്തകരും. ഹരിത സമൃദ്ധിയുടെ നിറക്കാഴ്ച്ചകളാണ് ഇപ്പോൾ എസ്.പി. ഓഫീസിൽ എത്തുന്നവരെ വരവേൽക്കുന്നത്. നടപ്പാതയുടെ വശങ്ങൾ ഉൾപ്പെടെ ഓഫീസ് പരിസരത്തിന്റെ ഭൂരിഭാഗവും ജൈവ കൃഷിക്കായി മാറ്റിവച്ചിരിക്കുന്നു. ജൈവ പച്ചക്കറിത്തോട്ടത്തിൽ രാവിലെയും വൈകുന്നേരവും ഒഴിവു സമയത്താണ് ഇവർ ജോലി ചെയ്യുന്നത്. കൃത്യമായി കള പറിച്ചും പന്തൽ കെട്ടിയും വെള്ളം നനച്ചും ചെടികൾ സംരക്ഷിക്കുന്നു.
ഓടുകൾ അതിരു പാകിയ കെട്ടിനുളളിൽ മണ്ണ് നിറച്ചാണ് ചെടികൾ നട്ടിരിക്കുന്നത്. നാമ്പിട്ടു തുടങ്ങിയതും വിളവെടുപ്പിനു പാകമായതുമായ 25 ഓളം പച്ചക്കറിയിനങ്ങൾ ഇവിടുത്തെ കാർഷിക സമൃദ്ധിക്ക് മാറ്റുകൂട്ടുന്നു. മഴ മറയ്ക്കുള്ളിൽ ഗ്രോ ബാഗിലും വിവിധയിനം തൈകളുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ ജീവനക്കാർക്കിടയിൽതന്നെ ലേലം ചെയ്യുകയാണ്. ആദ്യഘട്ട വിളവെടുപ്പിനുശേഷം രണ്ടാം ഘട്ട കൃഷി ആരംഭിച്ചിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപ ചെലവിൽ തുമ്പൂർമൂഴി മോഡൽ പ്ലാന്റും ഓഫീസ് പരിസരത്ത് സജ്ജമാക്കിക്കഴിഞ്ഞു. ഭാവിയിൽ കൃഷിക്കാവശ്യമായ ജൈവവളം ഈ പ്ലാന്റിൽ നിന്നും ലഭിക്കും.
ഓഫീസിനുള്ളിൽ വരാന്തയിലും ജീവനക്കാരുടെ മേശകളുമൊക്കെ വിവിധയിനം ചെടികൾ ഇടംപിടിച്ചിരിക്കുന്നു. മേശപ്പുറത്ത് ചെടികൾ വയ്ക്കുന്നതിനായി ഉപയോഗശൂന്യമായ നൂറിലധികം കുപ്പികൾ അലങ്കരിച്ചൊരുക്കിയത് കോട്ടയം സി.എം.എസ്. കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളാണ്.
കൃഷി വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ഫാമിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചിലവിട്ടാണ് ഇവിടെ ജൈവ കൃഷിക്ക് തുടക്കം കുറിച്ചത്.