വൈക്കം: സ്വർണ്ണ നെറ്റപ്പട്ടം കെട്ടിയ ഗജവീരൻ. ആലവട്ടം. വെൺചാമരം. രാജകീയ പ്രൗഢിയിൽ ദേശാധിപതി. അഷ്ടമി പത്താം നാളിലെ വലിയശ്രീബലി കാണാൻ ആയിരക്കക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. ഉഷപൂജ ,എതൃർത്ത പൂജ എന്നിവയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കതിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. എഴുന്നള്ളിപ്പിന് വലിയ ചട്ടമാണ് ഉപയോഗിച്ചത്. ഗജവീരൻ ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. പുതുപ്പള്ളി സാധു, കുന്നത്തൂർ രാമു തിരുവമ്പാടി കുട്ടി ശങ്കരൻ, പാറന്നൂർ നന്ദൻ, കുളമാക്കിൽ പാർത്ഥസാരഥി, കുളമാക്കിൽ ഗണേശൻ, ചൂരൂർ മഠം രാജശേഖരൻ, ഓമല്ലൂർ ഗോവിന്ദൻ കുട്ടി, മച്ചാട് കർണ്ണൻ, ചാമപ്പുഴ ഉണ്ണികൃഷ്ണൻ, പീച്ചിയിൽ ശ്രീമുരുകൻ തുടങ്ങി തല പൊക്കത്തിൽ മുൻപരായ 12 ഗജവീരൻമാർ ഇടതുവലതു ഭാഗങ്ങളിൽ അണിനിരന്നു. ഈ ആനകൾക്ക് സ്വർണ്ണ തലേക്കെട്ടും സ്വർണ്ണക്കുടയുമാണ് ഉപയോഗിച്ചത്. മുത്തുക്കുടകളും വർണ്ണക്കുടകളും വെൺചാമരവും ആലവട്ടവും എഴുന്നള്ളിപ്പിന്റെ മോടി കൂട്ടി. കെ. എ. വേൽമുരുകൻ, പഴനി ജെ.ശിവ സ്വാമി.നങ്കൂർ ഡോ.എൻ. കെ. സെൽവ ഗണപതി, കാവാലം ബി. ശ്രീകുമാർ എന്നിവരുടെ നാദസ്വരമേളവും കലാപീഠം അദ്ധ്യാപകരായ അജിത് കുമാർ പത്മകുമാർ, രഘുനാഥ്, ഉണ്ണികൃഷണൻ, അനിൽകുമാർ, കീഴൂർ മധു, വൈക്കം ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയായി.