kanam-rd

കറുകച്ചാൽ: കാനം-കാഞ്ഞിരപ്പാറ റോഡിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് വീണ്ടും പതിവായതോടെ നാട്ടുകാർ ദുരിതത്തിലായി. അറവുമാലിന്യങ്ങളടക്കം ചാക്കിൽകെട്ടി തള്ളുന്നത് പതിവായതോടെ പ്രതിഷേധവും ശക്തമായി. റോഡരികിലും പ്രദേശത്തെ റബർതോട്ടങ്ങളിലും മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞതോടെ മൂക്കു പൊത്താതെ സഞ്ചരിക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. പച്ചക്കറി മാലിന്യങ്ങളും, സമീപ പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും, ഭക്ഷ്യ അവശിഷ്ടങ്ങളും, കോഴിമാലിന്യങ്ങളുമാണ് തള്ളുന്നതിൽ ഏറെയും. കഴിഞ്ഞ ദിവസം ചാക്കുകളിൽ നിറച്ച് മാലിന്യങ്ങൾ പല ഭാഗങ്ങളിലായി തള്ളിയിരുന്നു. മഴ പെയ്യുന്നതിനാൽ ഇവ ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കാഞ്ഞിരപ്പാറയിൽ റോഡ് ഉപരോധിച്ചിരുന്നു. തിരക്കു കുറഞ്ഞ റോഡായതിനാലും വിജനമായ പ്രദേശമായതിനാലുമാണ് ഇവിടെ മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളിൽ ചങ്ങനാശേരി, കറുകച്ചാൽ പ്രദേശങ്ങളിൽ നിന്നും മിനി വാനുകളിലും, ഓട്ടോറിക്ഷകളിലുമായി കൊണ്ടു വന്ന് മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. ഭക്ഷ്യ അവശിഷ്ടങ്ങളടക്കം റോഡിൽ തള്ളുന്നതിനാൽ തെരുവുനായ ശല്യവും വർദ്ധിച്ചു.