എരുമേലി : എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ വിജയത്തിന്റെ നിർണായക ഘടകം നാട്ടിലെ മതമൈത്രിയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ എരുമേലിയിലെ ഉദ്ഘാടനം ഇന്നലെ നൈനാർ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന മതമൈത്രീ സമ്മേളനത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറ ഈ പദ്ധതിയിൽ പൂർവികരെ അഭിമാനത്തോടെ ഓർമിക്കുമെന്നതിൽ സംശയം വേണ്ടന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, അമ്പലപ്പഴ പേട്ടതുള്ളൽ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉപഹാരം പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസറായ ഐ.ജി. പി. വിജയന് ഡി.ജി.പി സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, എരുമേലി സ്‌പെഷ്യൽ ഓഫീസറും പൊലീസ് എ.എസ്.പി യുമായ പി. വാഹിദ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, പദ്ധതി കോ-ഓർഡിനേറ്റർ റിട്ട. അസി. കമാൻഡന്റ് ജി അശോക് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, എസ്.ഐ. പി.എസ് വിനോദ്, ദേവസ്വം ഓഫീസർ ഒ.ജി ബിജു, ഇസ്മായിൽ മൗലവി, മനോജ്, രാധാകൃഷ്ണപിള്ള തുടങ്ങിയവർ ഉൾപ്പെടെ ജനപ്രതിനിധികൾ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. എരുമേലി വലിയമ്പലത്തിൽ എത്തി ഭദ്രദീപം കൊളുത്തിയ ഡി.ജി.പി ശുചീകരണത്തിലും പങ്കെടുത്തിട്ടാണ് ഉദ്ഘാടന വേദിയിലെത്തിയത്.