വൈക്കം: അഷ്ടമി വിളക്കിനായി എത്തുന്ന ദേവീദേവന്മാരെ വരവേൽക്കാൻ അലങ്കാര ഗോപുരങ്ങൾ ഒരുങ്ങി.
വലിയ കവലയിൽ ഓർണമെന്റ് ഗേറ്റ്, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളിലും തെക്കേനടയിലുമാണ് വരവേല്പ് പന്തലുകൾ ഒരുക്കുന്നത്. താരാകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീ ലാളിതനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും ചടങ്ങിനെത്തുന്ന മറ്റ് ദേവീദേവന്മാർക്കും നൽകുന്ന വരവേല്പ് നൽകുന്ന വരവേൽപ്പ് അഷ്ടമിയിലെ പ്രധാന ചടങ്ങാണ് വലിയ കവല ഓർണ്ണമെന്റൽ ഗേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർണ്ണമെന്റ് ഗേറ്റിൽ വൈദ്യൂതി ദീപങ്ങൾ നിറദീപം, നിറപറ എന്നിവ ഒരുക്കി വരവേൽക്കും. 38 വർഷമായി നടത്തുന്ന വിളക്ക് വയ്പിനോടനുബന്ധിച്ച് അന്നദാനവും നടത്തുന്നുണ്ട്. കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊച്ചാലും ചുവട് ഭഗവതിയുടെ സന്നിധാനത്തിൽ അഞ്ച് നിലയിൽ, ക്ഷേത്ര മാതൃകയിൽ പന്തൽ ഒരുക്കി വൈദ്യുതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് അഞ്ഞൂറിലധികം നിലവിളക്ക് തെളിയിച്ച് നിറപറ ഒരുക്കി വരവേൽക്കും. അന്നദാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വടക്കേ നടയിലെ അലങ്കാര പന്തലിന്റെ നിർമ്മാണവും പൂർത്തിയായി. ആദ്യത്തെ വരവേല്പ് പന്തലാണ് വടക്കേ നടയിലേത്. 70 വർഷം മുൻപ് മുതൽ ഇവിടെ പന്തൽ നിർമ്മിക്കുന്നു.
തെക്കേനടയിൽ മൂത്തേടത്ത് കാവ് ഭഗവതിയേയും, ഇണ്ടം തുരുത്തിൽ ഭഗവതിയേയും വരവേല്ക്കുന്നതിനുള്ള പന്തലിന്റെ പണി കളും പൂർത്തിയായിട്ടുണ്ട്. 500 ലധികം നിലവിളക്ക് തെളിയിച്ച് നിറപറ ഒരുക്കിയാണ് വരവേല്പ് നൽകുന്നത്