എരുമേലി : ശബരിമല തീർത്ഥാടന കാലത്ത് സേവനം ലഭ്യമാക്കാൻ 24 മണിക്കൂറും സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ഇന്നലെ എരുമേലിയിൽ തീർത്ഥാടന കാല ആശുപത്രികളുടെയും വിശുദ്ധി സേനയുടെ പ്രവർത്തനത്തിന്റെയും ഉദ്ഘാടന യോഗത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദേവസ്വം ഗ്രൗണ്ടിൽ ആരംഭിച്ച ആയുർവേദ, ഹോമിയോ, അലോപ്പതി ഡിസ്‌പെൻസറികൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടുകാരും ശുചീകരണ തൊഴിലാളികളുമായ വിശുദ്ധി സേനയ്ക്ക് പണി ഉപകരണങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, പി.കെ. അബ്ദുൽ കരീം, ലീലാമ്മ കുഞ്ഞുമോൻ, പഞ്ചായത്ത് അംഗം കെ.ആർ. അജേഷ്, എസ്.ഐ. ഷിബു, ഡോ. വിനോദ്, എ.വി. ജോയി, പി.എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.