പാലാ: കറന്റ് ചാർജ് കുടിശിക ആറായിരത്തോളം; നഗരസഭാ വക തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്‌സിലെ ഫ്യൂസും മീറ്ററും വരെ കെ.എസ്.ഇ.ബി. അധികൃതർ ഊരിക്കൊണ്ടുപോയി. കോംപ്ലക്‌സും പരിസരവുമാകെ ഇരുട്ടിൽ. പബ്ലിക്ക് കക്കൂസിലും വെളിച്ചവും വെള്ളവുമില്ല.
ശബരിമല സീസൺ നോക്കി കെ.എസ്.ഇ.ബി. ചെയ്ത ചതിയിൽപ്പെട്ട് ഇവിടെയുള്ള പബ്ലിക്ക് കക്കൂസ് ഉപയോഗിക്കുന്ന അയ്യപ്പന്മാരും വലയുകയാണ്. പാലാ നഗരഭരണാധികാരികളാകട്ടെ ഇവിടെ വൈദ്യുതി ബന്ധം പുന: സ്ഥാപിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രശ്‌നത്തിൽ ഇടപെട്ട മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടത്തോട് വിചിത്രമായ വാദമാണ് കെ.എസ്. ഇ .ബി. അധികാരികൾ നിരത്തിയത് ;
സാധാരണ ഗതിയിൽ വൈദ്യുതി ചാർജ് കുടിശിക വന്ന് ഫ്യൂസ് ഊരിയാൽ, തുക അടച്ചാൽ അപ്പോൾ തന്നെ ഫ്യൂസ് തിരികെ സ്ഥാപിക്കുകയാണ് പതിവ്. എന്നാൽ തെക്കേക്കര മുനിസിപ്പൽ കോംപ്ലക്‌സിനോട് ഈ കനിവ് കാണിക്കാൻ പാലാ കെ. എസ്. ഇ ബി. അധികാരികൾ തയ്യാറല്ലെത്രേ. പുതുതായി വൈദ്യുതി കണക്ഷന് അപേക്ഷിച്ചാൽ മാത്രമേ ഇനി കോംപ്ലക്‌സിന് വൈദ്യുതി ലഭ്യമാക്കൂ എന്ന വിചിത്ര നിലപാടിലാണ് പാലാ വൈദ്യുതി ഭവൻ അധികാരികൾ. തീർത്ഥാടകരും പൊതു ജനവും തെക്കേക്കര കോംപ്ലക്‌സിലെത്തുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വലഞ്ഞാലും വാശി കൊണ്ട് ഷോക്കടിപ്പിക്കുകയാണ് പാലായിലെ കെ.എസ്. ഇ .ബി. അധികൃതർ.