തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലാ കളക്ടർക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മോൻസ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെ.ആർ. നാരായണന്റെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ ഉഴവൂർ കുരുശു പള്ളി കവലയിലെ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മറ്റും പ്രതിമ സ്ഥാപിക്കുന്നതു സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിൽ മറ്റൊരു സ്ഥലം കണ്ടെത്താൻ കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കും. കെ.ആർ. നാരായണന്റെ സ്മരണാർത്ഥമാണ് കോട്ടയം മീനച്ചിൽ, ഉഴവൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തെ 150 കിടക്കകളോടുകൂടിയ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തിയത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സ്പെഷാലിറ്റി തസ്തികകൾ അനുവദിച്ചതിനു പുറമെ, ഓപ്പേറേഷൻ തിയേറ്ററിനാവശ്യമായ ഉപകരണങ്ങൾ, കിടക്കകൾ എന്നിവ അനുവദിച്ചിട്ടുണ്ട്. ഓപ്പേറഷൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ കുറച്ചുകൂടി വിപുലപ്പെടുത്തണം. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി ഡിഎംഒ കൈക്കൊണ്ടിട്ടുണ്ട്. ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി.
പ്രളയത്തിൽ തകർന്ന മുഴുവൻ റോഡുകളുടെയും അറ്റകുറ്റപണികൾ 2020 മേയ് 31നു മുൻപു പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇടക്കോലി കോട്ടയം മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ ഭരണാനുമതി നൽകി. റോഡിന്റെ വീതിയുടെ കാര്യത്തിൽ കിഫ്ബി നിശ്ചയിച്ചിട്ടുള്ള അളവിലും കുറഞ്ഞതാണ് ഇപ്പോഴുള്ള റോഡ്. പ്രശ്നം പരിഹരിച്ചാൽ മാത്രമേ കിഫ്ബി വഴി പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുകയുള്ളൂ. റോഡ് അലൈന്റ്മെന്റ് ജനസാന്ദ്രത കൂടിയ പ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നത്. അതിനാൽ വീതി കൂട്ടിയെടുക്കുവാൻ പറ്റാത്ത സാഹചര്യവും അവിടെയുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.