വൈക്കം: വൈക്കം ബി. എസ്. എൻ. എൽ. ഓഫീസിനും ഹെഡ് പോസ്റ്റ് ഓഫീസിനും മദ്ധ്യേയായി താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള റോഡിൽ വഴിവിളക്കുതെളിക്കണമെന്ന ആവശ്യം ശക്തമായി. സന്ധ്യ കഴിയുന്നതോടെ കനത്ത ഇരുട്ടിലാകുന്ന ഇവിടെ സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണ്. ഹൈസ്‌കൂൾ വിദ്യാർഥികൾ കൂട്ടമായി ഇവിടെ എത്തി പുകവലിക്കുന്നത് പതിവാകുകയാണ്. ഇരുൾ മൂടിയ ഇവിടം കഞ്ചാവ് വിൽപനക്കാരും മറയാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഉത്സവകാലത്ത് സംഘം ചേർന്നുള്ള അടിപിടികൾക്കു വേദിയാകുന്നതും ഈ ഭാഗമാണ്. കഴിഞ്ഞ അഷ്ടമി കാലത്ത് ഈ ഭാഗത്തുണ്ടായ സംഘർഷത്തിലാണ് യുവാവ് കരിമ്പിനടിയേറ്റ് കൊല്ലപ്പെട്ടത്. കായലോര ബീച്ചിന്റെ തെക്കുഭാഗത്തെ കാടുപിടിച്ച ഭാഗം അനാശാസ്യത്തിന്റെ കുത്തരങ്ങാകുകയാണ്.രാപകൽ ഈ ഭാഗത്ത് സാമുഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നത് പൊലീസിനും തലവേദനയാകുകയാണ്. ഈ ഭാഗത്തെ കാടുവെട്ടിത്തെളിക്കണമെന്ന നിരന്തരമായ ആവശ്യത്തോട് നഗരസഭ അധികൃതർ മുഖം തിരിക്കുകയായിരുന്നെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.