കോട്ടയം: വാഗമൺ കാരികാടിന് സമീപത്തെ കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡി.എൻ.എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്. ആറു മാസം മുമ്പ് ഒരു പ്രദേശവാസിയെ കാണാതായിരുന്നു. അസ്ഥികൂടം ഇയാളുടേതെന്നാണ് ഈരാറ്റുപേട്ട പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്. ഇയാളുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫോറൻസിക് ലാബിൽ നിന്ന് പരിശോധനാഫലം ലഭിക്കാൻ രണ്ട് മാസത്തിലേറെ സമയമെടുക്കും. കാരികാടിന് താഴെ നിന്ന് ഞായറാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് ഏതാനും മാസങ്ങളുടെ പഴക്കമുണ്ട്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ഏതാനും സാധനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് പ്രദേശത്ത് നിന്ന് കാണാതായ ആളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.