കോട്ടയം: ഇന്നലെയുമുണ്ടായിരുന്നു അമ്മുവിന് ഒപ്പം അമേരിക്കയിൽ നിന്നുള്ള 20 സഞ്ചാരികൾ. കുമരകത്തെ ഓരോ വീട്ടിലും അവർ അവൾക്കൊപ്പം കയറിയിറങ്ങി. ഗ്രാമീണ ജീവിതത്തിന്റെ തനിമ കണ്ടറിഞ്ഞു. തുടിപ്പും തളിർപ്പും തിരിച്ചറിഞ്ഞു. പിരിയാൻ നേരം ഷേക്ക് ഹാൻഡ് നൽകുമ്പോൾ സംഘത്തിലെ യുവതികളിലൊരാളായ അമേലിയ പറഞ്ഞു: നൈസ് ടു മീറ്റ് യു. അമ്മു...
കുമരകത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ പലർക്കും അമ്മു പ്രിയങ്കരിയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ കുമരകത്തെ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജിൽ കമ്മ്യൂണിറ്റി ടൂർ ലീഡറാണ് അമ്മു. ഓരോ വീട്ടിലേയ്ക്കും ടൂറിസ്റ്റുകൾക്ക് തുണ പോവുകയാണ് എം. എസ്സിക്കാരിയായ ഈ പെൺകുട്ടിയുടെ ജോലി.
ഓരോ വീട്ടിലെയും കാർഷിക വിളകളും അവയുടെ പ്രത്യേകതകളും അമ്മു അവർക്കു പരിചയപ്പെടുത്തും. കയറു പിരിക്കലും ഓലമെടയലും തഴപ്പായ നെയ്ത്തും വല വീശലുമെല്ലാം വിശദീകരിച്ചുകൊടുക്കും.
"പേപ്പർ ബാഗ് നിർമ്മാണത്തിലൂടെയാണ് ഞാൻ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. പിന്നിട് കമ്യൂണിറ്റി ടൂർ ലീഡർ പരിശീലനത്തിൽ പങ്കെടുത്തതോടെ ഗ്രാമീണ ടൂറിസം പാക്കേജുകളുടെ സാദ്ധ്യത തിരിച്ചറിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ എന്നെപ്പോലുള്ളവർക്ക് പകർന്നു തരുന്ന ആത്മവിശ്വാസം ചെറുതല്ല. ഏതൊക്കെ രാജ്യത്ത് നിന്നുള്ള സഞ്ചാരികളുമായാണ് ഇടപഴക്കാൻ അവസരം ലഭിക്കുന്നത്!. ഇതിലൂടെ ലഭിക്കുന്ന വരുമാനവും എന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാണ്..." അമ്മു പറയുന്നു.
അമ്മുവിനെപ്പോലെ നിരവധി വനിതകൾ ടൂറിസം മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിലൂടെ ഭാഗമായിട്ടുണ്ട്.
സഞ്ചാരികളെ കുമരകത്തിന്റെ ഗ്രാമീണ ജീവിതം പരിചയപ്പെടുത്തുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പ്രോഗ്രാം വൻ വിജയമാണ്. നേരത്തേ അഞ്ചു വനിതാ കമ്മൂണിറ്റി ടൂർ ലീഡർമാർ ഉണ്ടായിരുന്നു . മൂന്നു പേർ വിവാഹിതരായി പോയി. ഇപ്പോൾ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരുമുണ്ട്. ഒരു ടൂറിസ്റ്റിൽ നിന്ന് വാങ്ങുന്ന 2500 രൂപ ഫീസിൽ 500 രൂപ ടൂർ ലീഡർക്കുള്ളതാണ്. കൂടാതെ ടിപ്പും ലഭിക്കും.
ഭഗത് സിംഗ്, കോ-ഒാർഡിനേറ്റർ
ഉത്തരവാദിത്വ ടൂറിസം കുമരകം ഡസ്റ്റിനേഷൻ