കോട്ടയം: നെല്ല് സംഭരിക്കുമ്പോൾ കുടിശിക ഒഴിവാക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനവും പാളിയതോടെ പണം കിട്ടാതെ കർഷകർ വീണ്ടും ഗതികേടിലായി. നെല്ല് സംഭരിക്കുന്നതിന് പിന്നാലെ ബാങ്കുകൾ മുൻകൂറായി പണം നൽകിയിരുന്നെങ്കിലും ബാങ്കുകൾക്ക് സർക്കാർ കൊടുക്കാനുള്ള പണം കുമിഞ്ഞുകൂടിയതാണ് പ്രതിസന്ധിക്ക് കാരണം. കുടിശിക തീർക്കാതെ സഹകരിക്കില്ലെന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ ജില്ലയിൽ നെല്ല് സംഭരണം പൂർത്തിയായി ഒരുമാസം കഴിഞ്ഞിട്ടും പണംകിട്ടാതെ കർഷകർ ദുരിതത്തിലാണ്.

സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് നൽകുന്ന പി.ആർ.എസ് രസീതിന്റെ ഈടിൻമേൽ ബാങ്കുകളാണ് പണം മുൻകൂറായി നൽകിയിരുന്നത്. പിന്നീട് ബാങ്കുകൾക്ക് സിവിൽ സപ്ളൈസ് വകുപ്പ് പണം കൈമാറുന്നതായിരുന്നു പതിവ്. കർഷകരെടുക്കുന്ന വായ്പയെന്ന നിലയിലാണ് ബാങ്കുകൾ പണം നൽകുന്നത്. സർക്കാർ കുടിശിക വരുത്തിയതോടെ ഈ വായ്പകൾ കിട്ടാക്കടമായി. സംസ്ഥാന വിഹിതം കൊടുത്തുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര വിഹിതം വൈകുന്നതാണ് തടസമെന്നുമാണ് സിവിൽ സപ്ളൈസ് വകുപ്പ് പറയുന്നത്.

 കർഷകർക്ക് ഇരുട്ടടി

കർഷകരെടുത്ത ഏതെങ്കിലും വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അവരെടുത്ത എല്ലാ വായ്പകളും കിട്ടാക്കടമാവും. കർഷകരുടെ വീഴ്ചകൊണ്ടല്ലാതെ അവരുടെ എല്ലാ വായ്പകളും കിട്ടാക്കടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ. കിട്ടാക്കടംമൂലം അവർക്ക് പുതിയ വായ്പയും നൽകില്ല. ആറുമാസംവരെയാണ് ഈ വായ്പകളുടെ കാലാവധി. കാലാവധി കഴിഞ്ഞ് 90 ദിവസംകൂടി തിരിച്ചടവ് മുടങ്ങിയാൽ വായ്പ കിട്ടാക്കടമാകും. ഇപ്പോൾ ഒമ്പതുമാസം പിന്നിടാറായി. ഈ സീസണിലും ബാങ്കുകൾ മുൻകൂർപണം നൽകിയാലേ നെല്ല് സംഭരണം നടക്കൂ. എന്നാൽ കുടിശിക തീർക്കാതെ വായ്പ നൽകാനാവില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീർത്ത് പറഞ്ഞിരിക്കുകയാണ്.

പ്രതിസന്ധി

 ബാങ്കുകൾക്കു നൽകാനുളള കുടിശിക കോടികൾ

 കുടിശിക തീർക്കാതെ വായ്പയില്ലെന്ന് ബാങ്കുകൾ

 കേന്ദ്രവിഹിതം ലഭിച്ചില്ലെന്ന് സംസ്ഥാന സർക്കാർ

 പണം കൊടുത്തു തീർത്തില്ലെങ്കിൽ കിട്ടാക്കടമാകും

കർഷകർക്ക് കുടിശിക:

8.085

കോടി രൂപ

സംഭരിച്ചത്:

3000

മെട്രിക് ടൺ നെല്ല്

'' കർഷകരോടുള്ള സമീപനം ഇനിയും മാറേണ്ടതുണ്ട്. നെല്ല് സംഭരണ വായ്പ്പയുടെ കാലാവധി ഒരു വർഷമായി ഉയർത്തി താത്കാലിക പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. നെല്ല് സംഭരിച്ച പണം കൊടുത്തില്ലെങ്കിൽ കൃഷി പ്രതിസന്ധിയിലാകും''

-എം.കെ. ദിലീപ്, (അപ്പർകുട്ടനാട് കാർഷിക വികസന സമിതി)