കോട്ടയം: സബ്സിഡി സാധനങ്ങൾ പേരിനു പോലുമില്ലാതെ എന്തിനോ വേണ്ടി തുറക്കുന്നു സപ്ലൈക്കോ...! അരിയും പയറും പഞ്ചസാരയും അടക്കമുള്ള സബ്‌സിഡി സാധനങ്ങൾ തേടിയെത്തുന്ന ഉപഭോക്‌താക്കൾ വെറും കൈയോടെ മടങ്ങുകയാണ്. സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ സപ്ലൈക്കോ കരാർ നൽകാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. സാധനങ്ങൾ നൽകുന്ന ഏജൻസികൾക്ക് ലക്ഷങ്ങളാണ് സപ്ലൈക്കോ നൽകാനുള്ളത്. ഇതിനാലാണ് രണ്ടാഴ്‌ചയിലേറെയായി വിതരണം നിലച്ചത്. ഇ ടെൻഡർ വഴി സാധനങ്ങൾ തിരുവനന്തപുരത്ത് വാങ്ങിയ ശേഷം റീജിയണൽ ഓഫീസുകളിലേയ്‌ക്ക് അയച്ചു കൊടുക്കുകയാണ് പതിവ്. കോട്ടയത്തെ റീജിയണൽ ഓഫീസിൽ നിന്നാണ് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്‌ക്കുള്ള വിതരണം . കോട്ടയം റീജിയണിൽ പന്ത്രണ്ട് ഡിപ്പോകളാണുള്ളത്. ഇവിടങ്ങളിലൊന്നും സബ് സിഡി സാധനങ്ങൾ ഇല്ല.
സബ്സിഡി 13 ഇനങ്ങൾക്ക്
സപ്ലൈക്കോയുടെ ഷോപ്പിൽ നിന്നും ഏറ്റവും കൂടുതൽ ചെലവാകുന്നത് അരിയും പഞ്ചസാരയുമാണ്. വെളിച്ചെണ്ണയ്‌ക്കും ആവശ്യക്കാരുണ്ട്. അരി, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, പരിപ്പ്, വെളിച്ചെണ്ണ, വൻപയർ, മുളക് തുടങ്ങി 13 ഇനങ്ങൾക്കാണ് സബ്‌സിഡി നൽകുന്നത്. പൊതുവിപണിയിൽ 90 രൂപ വലിയുള്ള ഉഴുന്നിന് സപ്ലൈക്കോയിൽ 69 രൂപയേ ഉള്ളൂ. 37 രൂപയുടെ പഞ്ചസാരയ്‌ക്ക് 22 രൂപയും.
ഏല്ലാം സ്റ്റോക്കുണ്ട്
ജയ അരി ഒഴികെയുള്ള എല്ലാ സാധനങ്ങളും സ്റ്റോക്കുണ്ട്. ഇല്ലാത്തത് കൃത്യമായി എത്തിക്കാൻ നടപടി സ്വീകരിക്കുന്നുമുണ്ട്.
ഓമനക്കുട്ടൻ, മാനേജർ ഇൻ ചാർജ്
കോട്ടയം റീജിയൻ, സപ്ലൈക്കോ