ചങ്ങനാശേരി: നിർമ്മാണം ഏറ്റെടുത്ത രണ്ടാമത്തെ കരാറുകരാനും പണി നിറുത്തിയതോടെ കുറിച്ചി കാലായിപ്പടി മേൽപ്പാലത്തിന്റെ പണി വീണ്ടും മുടങ്ങി. ഇതേ കോൺട്രാക്ടറുടെ കീഴിൽ നടക്കുന്ന കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാല നിർമ്മാണ സ്ഥലത്തേക്ക് തൊഴിലാളികളും സാധന സാമഗ്രികളുമായി പോയതോടെയാണ് കാലായിപ്പടി മേൽപ്പാലം നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായത്. ആദ്യ കരാറുകാരൻ നിർമ്മാണത്തിൽ കാട്ടിയ അനാസ്ഥയെ തുടർന്ന് പാലം പണി മാസങ്ങളായി മുടങ്ങിയിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ ശക്തമായ പ്രതിഷേധ സമരങ്ങളെ തുടർന്ന് അധികൃതർ ഇടപെട്ട് പുതിയ കരാറുകാരനെ നിർമ്മാണം ഏൽപ്പിക്കുകയായിരുന്നു. മുടങ്ങിക്കിടന്ന പണി പുനരാരംഭിച്ച് പാലം വാർത്തതു വരെയുള്ള പണികളാണ് രണ്ടാമത്തെ കരാറുകാരൻ നടത്തിയത്. ഇനിയും ബാക്കി നിർമ്മാണ പ്രവർത്തനങ്ങളും അപ്രോച്ച് റോഡും പൂർത്തീകരിച്ചാലേ പാലം ഗതാഗത യോഗ്യമാകുകയുള്ളൂ. വർഷം രണ്ടു കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്നു നടിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
എത്ര നാൾ കാത്തിരിക്കണം ?
മൂന്നു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നു പ്രഖ്യാപനം നടത്തി പൊളിച്ച പാലമാണ് രണ്ടേകാൽ വർഷമായിട്ടും പൂർത്തിയാകാതെ കിടക്കുന്നത്. നിർമ്മാണം നിലച്ചത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' അടക്കമുള്ള മാദ്ധ്യമങ്ങൾ വാർത്തകളും പ്രസിദ്ധീകരിച്ചു. നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പിന്നീട് 2018 നവംബറിൽ പാലം പണി പുനരാരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും നിർമ്മാണം നിലച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ശക്തമായി പ്രതിഷേധിക്കും: ആക്ഷൻ കൗൺസിൽ
നിറുത്തി വച്ച പണി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമര നടപടികൾ ആരംഭിക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജയിംസ് കാലാവടക്കൻ, എൻ.കെ. ബിനു, ജോണി വർഗീസ് നേര്യത്ര, സണ്ണി ചാമപ്പറമ്പിൽ, ബിനോയ് അമ്പാട്ടുപറമ്പിൽ, മോനാച്ചൻ എള്ളാലയിൽ, സജി കിഴക്കേടത്ത്, ജോജി നേര്യത്ര, രാജു കണിയാംപറമ്പിൽ, അനിയൻകുഞ്ഞ് വട്ടംചിറ എന്നിവർ പങ്കെടുത്തു.