പാലാ : നഗരസഭാ വക തെക്കേക്കര കോംപ്ലക്‌സിലെ കറണ്ട് ബില്ലുകൾ ഉണക്കമീൻ കടയിൽ തള്ളി പാലാ വൈദ്യുതി ഭവൻ ജീവനക്കാർ. ബില്ലുകൾ കുടിശിക ആയതോടെ കണക്ഷൻ വിച്ഛേദിക്കുമെന്ന് നോട്ടീസ് നൽകിയതും ഉണക്കമീൻ കടക്കാരന്. ആറു മാസത്തെ വൈദ്യുതി ചാർജ് കുടിശിക ആയതോടെ കഴിഞ്ഞ ദിവസം കോംപ്ലക്‌സിൽ സ്ഥാപിച്ചിരുന്ന ഫ്യൂസും, മീറ്ററും ഊരിമാറ്റുകയും കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തിരുന്നു. നഗരസഭാ വക മറ്റു കെട്ടിടങ്ങളിലെ വൈദ്യുതി ചാർജിന്റെ ബില്ലുകൾ നഗരസഭാ ഓഫീസിൽ കൃത്യമായി കിട്ടുകയും ഇത് യഥാസമയം അടയ്ക്കുകയും ചെയ്തിരുന്നു.
തെക്കേക്കര കോംപ്ലക്‌സിലെ ഫ്യൂസും മീറ്ററും കെ.എസ്.ഇ.ബി ജീവനക്കാർ ഊരി മാറ്റിയ വിവരം ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണക്കമീൻ കടയിൽ വൈദ്യുതി ചാർജ് ബില്ലുകൾ ഏല്പിച്ച വിവരമറിഞ്ഞത്. ചാർജ് ഇനത്തിൽ 7790 രൂപയാണ് തെക്കേക്കര കോംപ്ലക്‌സിൽ കുടിശികയായുള്ളത്. വൈദ്യുതി ബില്ലുകൾ നഗരസഭയിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ ഏല്പിക്കാതെ ഉണക്കമീൻ കടയിൽ കൊടുത്തിരുന്ന വൈദ്യുതിഭവൻ ജീവനക്കാരനെതിരെ നടപടി വേണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
വൈദ്യുതി വിതരണം പുന:സ്ഥാപിച്ചില്ല
പ്രശ്‌നം പരിഹരിക്കാൻ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടവും , പ്രൊഫ.സതീഷ് ചൊള്ളാനിയും ഇന്നലെ കുടിശിക അടയ്ക്കാൻ ശ്രമം നടത്തി. എന്നാൽ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതോടെ കൺസ്യൂമർ നമ്പറും റദ്ദാക്കിയതിനാൽ ഈ തുക ഇന്നലെ സ്വീകരിക്കാനായില്ല. സാങ്കേതിക പ്രശ്‌നം ഇന്നത്തോടെ പരിഹരിച്ച് ഉടൻ കണക്ഷൻ പുന: സ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി പറയുന്നു.
കുടിശിക : 7790 രൂപ
മേലിൽ തെക്കേക്കര കോംപ്ലക്‌സിലെ വൈദ്യുതി ബില്ല്, നേരിട്ട് മുനിസിപ്പൽ ഓഫീസിൽ എത്തിക്കാൻ ബന്ധപ്പെട്ട ജീവനക്കാരന് നിർദ്ദേശം നൽകിയിട്ടുണ്ട്
അശോക് , അസി. എൻജിനിയർ,കെ.എസ്.ഇ.ബി