പാലാ : കിടങ്ങൂരിൽ മനോദൗർബല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളെ പിടികൂടിയതിനു പിന്നിൽ പ്രവർത്തിച്ച കിടങ്ങൂർ ജനമൈത്രി പൊലീസിലുണ്ടായിരുന്ന എ.എസ്.ഐ സി.ജി.സജികുമാറിന് ജില്ലാ പൊലീസ് ചീഫിന്റെ റിവാർഡ്. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ വേഗം കുടുക്കി സേനയുടെ അന്തസ്സും യശസ്സും ഉയർത്തിയതിനാണ് റിവാർഡ്. സജികുമാറിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് കഴിഞ്ഞ മാസം ഒടുവിൽ പ്രതികൾ പിടിയിലായത്. രാമപുരം സ്വദേശിയും പഴയ സ്‌പോർട്‌സ് താരവുമായിരുന്ന സജികുമാർ പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹിയുമാണ്. കഴിഞ്ഞ ദിവസം എസ്.ഐയായി സജിക്ക് പ്രമോഷൻ ലഭിച്ചിരുന്നു.
അടുത്തിടെ കിടങ്ങൂർ സ്‌റ്റേഷനിൽ നിന്ന് അയർക്കുന്നം സ്‌റ്റേഷനിലേക്ക് സജികുമാർ സ്ഥലംമാറിയെങ്കിലും കിടങ്ങൂരിലെ പല രഹസ്യ വിവരങ്ങളും നാട്ടുകാർ സജിക്ക് കൈമാറിയിരുന്നു. ഇങ്ങനെയാണ് പെൺകുട്ടിയെ ചിലർ മിഠായിയും മൊബൈലും കൊടുത്ത് അടുപ്പമുണ്ടാക്കിയ വിവരം സജിക്ക് ലഭിക്കുന്നത്. തുടർന്ന് പലപ്പോഴായി പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് രഹസ്യനിരീക്ഷണം നടത്തുകയും പരിസരവാസികളിൽനിന്ന് ലഭിച്ച വിവരങ്ങൾ കൂടുതൽ അന്വേഷിക്കുകയും ചെയ്‌പ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് അറസ്റ്റിലായ അഞ്ച് പേരെക്കുറിച്ചും കൃത്യമായ സൂചനകൾ ലഭിച്ചു.
തുടർന്ന് വിവരം സജി കിടങ്ങൂർ പൊലീസിനെയും ഡിവൈ.എസ്.പിയെയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്.