വൈക്കം : ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്ന വൈക്കത്തഷ്ടമി ആഘോഷത്തിൽ പ്ലാസ്റ്റിക്ക് കവറുകളുമായി വരുന്ന ഭക്തജനങ്ങൾക്ക് പകരമായി പേപ്പർ ബാഗുകൾ തത്സമയം നിർമ്മിച്ച് നൽകി ശ്രീ മഹാദേവ കോളേജ് വിദ്യാർത്ഥികൾ. ക്ഷേത്ര മതിലിനുള്ളിൽ പടിഞ്ഞാറേ ഗോപുര നടയിൽ നിർമ്മിച്ചിട്ടുള്ള ഹരിത സ്റ്റാളിൽ വച്ച് പേപ്പർ ബാഗ് നിർമ്മാണത്തിന്റെ ഉദ്ഘാടനം വൈക്കം എ.എസ്.പി അരവിന്ദ് സുകുമാർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സൗജന്യ ബാഗ് വിതരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സന്തോഷ് നിർവഹിച്ചു. കോളേജ് ഡയറക്ടർ
പി.ജി.എം നായർ ഹരിത സന്ദേശം നൽകി . ജില്ലാ കളക്ടർ സുധീർ ബാബു , മുനിസിപ്പൽ ചെയർമാൻ പി. ശശിധരൻ തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു.
ഒരോ ദിവസവും ആയിരക്കണക്കിന് പേപ്പർ ബാഗുകളാണ് നിർമ്മിച്ച് വിതരണം ചെയ്യുന്നത്. ഇതിന്റെ തുടർ നടപടിയെന്ന നിലയിൽ കുടുംബശ്രീകൾ ,തൊഴിൽ രഹിതർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി 25 പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ ചേർന്ന ക്ലസ്റ്റർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അറിയിച്ചു.