കോട്ടയം: പട്ടണമദ്ധ്യത്തിൽ നൂറുമീറ്റർപോലും ദൈർഘ്യമില്ലാത്തൊരു നടപ്പാതയുടെ ഗതികേട് നൂറുവട്ടം പറഞ്ഞിട്ടും നഗരസഭയ്ക്ക് കേട്ട ഭാവമില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തിയേറ്റർ റോഡിലൂടെ ചന്തക്കടവിലേക്കുള്ള നടപ്പാതയുടെ ഗതികേടാണിത്. ബസ് സ്റ്റാൻഡിൽ നിന്ന് ചന്തക്കടവിലേക്ക് വഴി ചോദിച്ചെത്തുന്ന അപരിചിതൻ പട്ടാപ്പകൽ ആണെങ്കിൽ പോലും തിയേറ്റർ കോംപ്ലകസ് കഴിഞ്ഞ് സ്വകാര്യ ലോഡ്ജിന് സമീപത്തുനിന്ന് മുന്നോട്ടുപോകാൻ ധൈര്യപ്പെട്ടെന്ന് വരില്ല. ലോഡ്ജിന് സമീപത്തു നിന്ന് പടിക്കെട്ടുകൾ ഇറങ്ങിവേണം മാർക്കറ്റ് റോഡിലെത്താൻ. എന്നാൽ പടിക്കെട്ടിലേക്ക് കടക്കുന്ന ഭാഗത്ത് ഒരു ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വഴിയുടെ കുറുകെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതോടൊപ്പം ചപ്പുചവറകളും അടിഞ്ഞുകൂടി കിടക്കുകയാണ്. ഇതിന് സമീപത്തുതന്നെ ഏതുനിമിഷവും മറിഞ്ഞ് വീഴാവുന്ന തരത്തിൽ മറ്റൊരു ഇലക്ട്രിക് പോസ്റ്റ് വഴിയിലേക്ക് ചാഞ്ഞുനിൽക്കുകയുമാണ്. ഇതൊക്കെ എങ്ങനെയും മറികടന്ന് പടിക്കെട്ടിലേക്ക് ഇറങ്ങിയാൽതന്നെ തലങ്ങും വിലങ്ങും കോൺക്രീറ്റ് സ്ലാബുകൾ കൂട്ടിയിട്ടിരിക്കുന്നതുകൊണ്ട് മുന്നോട്ടുപോകാൻ പ്രയാസമാകും. ചിലപ്പോഴൊക്കെ പടിക്കെട്ടുകളിൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും ഉണ്ടാകും. അതല്ലെങ്കിൽ സാമൂഹ്യവിരുദ്ധരുടെ എന്തെങ്കിലുമൊരു സംഭാവനയുമുണ്ടാകും. ഇതെല്ലാംകൂടി കാണുമ്പോൾ ആൾ സഞ്ചാരമുള്ളൊരു പൊതുവഴിയാണെന്ന് വിശ്വസിക്കാൻപോലും ആർക്കും സാധിക്കില്ല. നടപ്പാതയുടെ അറ്റകുറ്റപ്പണികൾ എന്ന പേരിൽ അടുത്തിടെ നഗരസഭ കുറെ പണം പാഴാക്കുകയും ചെയ്തതാണ്. വാർഡ് കൗൺസിലർ മുതൽ നഗരപിതാവ് വരെയുള്ള ജനപ്രതിനിധികളും നഗരം ഭരിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും കോട്ടയത്തെ പൊതുസമൂഹത്തോട് കാട്ടുന്ന അവഗണനയുടെ ഉദാഹരണമാണ് ഈ നടപ്പാത. അവികസിതമായ ഏതെങ്കിലും മലയോര മേഖലയില്ല, ജന നിബിഡമായ അക്ഷരനഗരിയിലാണ് ഇത്തരമൊരു ഗതികേടെന്നതാണ് ഏറെ ശ്രദ്ധേയം