പൊൻകുന്നം : ദേശീയപാതയോരത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു. പാതയോരത്തെ കച്ചവടം ഒഴിയണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് അധികൃതർ ജെ.സി.ബി, ടിപ്പർ തുടങ്ങിയവയുമായി എത്തിയത്. എന്നാൽ ഇത് തങ്ങളുടെ ഉപജീവനമാർഗമാണെന്നും മറ്റൊരു വഴി ഒരുക്കിത്തരാതെ ഒഴിയാനാവില്ലെന്നുമായിരുന്നു വഴിയോരക്കച്ചവടക്കാരുടെ സംഘടനയായ വി.കെ.ടി.യുവിന്റെ നിലപാട്. ഒഴിപ്പിക്കൽ നീക്കത്തെ ചെറുക്കാനായി 200 ൽപ്പരം തൊഴിലാളികൾ ഒത്തുകൂടി കടകൾക്ക് സംരക്ഷണമൊരുക്കി. പൊലീസ് സഹായത്തോടെ കടകൾ പൊളിച്ച് മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, ദേശീയപാത അധികൃതർ എന്നിവർ തൊഴിലാളികളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഇതിനോടകം കൂടുതൽ തൊഴിലാളികളും നാട്ടുകാരും സ്ഥലത്തെത്തി. പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. വി.കെ.ടി.യു ജില്ലാ സെക്രട്ടറി എം.എച്ച്.സലിം, സി.ഐ.ടി.യു ഏരിയാ ട്രഷറർ ഐ.എസ് .രാമചന്ദ്രൻ, മുകേഷ് മുരളി, എം.എ.റിബിൻ ഷാ,സാജൻ മാത്യു, വി.ആർ. രാജേഷ്,സലീന മജീദ്, കെ .എൻ.ദിലീപ്, വി.ഡി.സാബു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.