കോട്ടയം: കോട്ടയത്ത് ഒരു മൊബൈൽ കടയിൽ നിന്ന് ബന്ധപ്പെട്ട ഓഫീസിൽ ഉപയോഗിക്കാത്ത രസീത് നൽകി പിരിവ് നടത്തിയ സംഭവത്തിൽ ലീഗൽ മെട്രോളജി വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ സസ് പെൻഡ് ചെയ്തെങ്കിലും അതിൽമാത്രം തട്ടിപ്പ് ഒതുങ്ങില്ലെന്ന് സൂചന. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണംതന്നെ വേണ്ടിവരുമന്ന സൂചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്നു. സംഭവത്തിൽ റിപ്പോർട്ട് ഉൾപ്പെടെ ഭക്ഷ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഭക്ഷ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം തുടർ നടപടി ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കോട്ടയം അസി. കൺട്രോളർ (ഫ്ളൈയിംഗ് സ്ക്വാഡ്) ഓഫീസിൽ ഉപയോഗിക്കാത്ത രസീത് ഉപയോഗിച്ച് കോട്ടയം ടൗണിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നാണ് 10,000 രൂപ പിഴയിനത്തിൽ പിരിച്ചത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഫ്ലൈയിംഗ് സ്ക്വാഡ് ചങ്ങനാശേരി ഓഫീസിലെ ഇൻസ്പെക്ടർ പ്രീനു പുഷ്പനെ സസ് പെൻഡ‌് ചെയ്തിരുന്നു. അതേസമയം, ഷോപ്പിൽ നിന്ന് ഈടാക്കിയ പണം എവിടെ പോയെന്നതിനെക്കുറിച്ച് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ ഷോപ്പിൽ നിന്നെടുത്ത മൊബൈൽ ഫോൺ ഇതുവരെ തിരികെ നൽകിയിട്ടില്ല. വകുപ്പ് ഉദ്യോഗസ്ഥൻ എന്തിന് മൊബൈൽ എടുത്തുവച്ചു എന്നതും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഈ രസീത് ഉപയോഗിച്ചതിനെക്കുറിച്ച് വകുപ്പിലെ വിജിലൻസ് ഓഫീസറോട് അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അസിസ്റ്റന്റ് കൺട്രോളർമാരായ രണ്ട് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് അറിയുന്നത്. കോട്ടയത്തെ കട ഉടമയിൽ നിന്ന് പിഴ ഈടാക്കിയശേഷം 7802 ാം നമ്പർ ബുക്കിലെ 21 ാം നമ്പർ രസീതാണ് നല്കിയത്. ഈ ഓഫീസിൽ ഉപയോഗിക്കാത്ത ഈ ബുക്ക് ഉപയോഗിച്ച് ഏതൊക്കെ കടകളിൽ നിന്ന് എത്ര ലക്ഷം പിരിച്ചിട്ടുണ്ടെന്നോ സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ കൈവശം എത്ര ടി.ആർ.രസീത് ബുക്കുകൾ ബാക്കിയുണ്ടെന്നോ, ബുക്കുകൾ എവിടെ നിന്ന് ലഭിച്ചുവെന്നോ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇതേ കേസിൽ ഈ സ്ഥാപനത്തിന്റെ പേരിൽ മാർച്ച് രണ്ടിന് പതിനായിരം രൂപയ്ക്ക് മറ്റൊരു ടി.ആർ 5. രസീത് മറ്റൊരു ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ എഴുതിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പ്രീനു പുഷ്പന് നല്കിയ സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം,
രണ്ടാമതെഴുതിയ രസീത് കടക്കാരന് നൽകാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ക്രമക്കേട് റിപ്പോർട്ട് ചെയ്യാതെ അത് ക്രമപ്പെടുത്താനും കുറ്റക്കാരെ സംരക്ഷിക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന ആരോപണവും ശക്തമാണ്.
ഓഫീസ് മേധാവിയായ അസിസ്റ്റന്റ് കൺട്രോളർക്കാണ് കേസ് രജിസ്റ്റർ ചെയ്യുന്നതിനും പിഴ ഈടാക്കാനും അധികാരമുള്ളത്. ഇൻസ്‌പെക്ടർക്ക് സ്വതന്ത്ര ചുമതല നൽകിയിട്ടില്ല. ഇവിടെ ഇൻസ്‌പെക്ടറാണ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കിയത്. ഇതിന് ഇൻസ്‌പെക്ടറെ അനുവദിച്ച ചില ഉദ്യോഗസ്ഥരുടെ നടപടി ഗുരുതരമായ വീഴ്ചയും കൃത്യവിലോപവുമാണെന്നാണ് ആക്ഷേപം.
പൊലീസ് അന്വേഷണം വേണ്ടിവരും
വകുപ്പുതല അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തി നടപടി എടുത്തത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. അതിനാൽ പൊലീസ് അന്വേഷണം തന്നെ വേണ്ടിവരും. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഭക്ഷ്യ വകുപ്പ് സെക്രട്ടറിക്ക് നല്കിയിട്ടുണ്ട്.
കെ.ടി.വർഗീസ് പണിക്കർ,
സംസ്ഥാന ലീഗൽ മെട്രോളജി കൺട്രോളർ