കോട്ടയം: ഭർത്താവിന്റെ അടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ട്രോമ കെയർ യൂണിറ്റിൽ കഴിയുന്ന മേഴ്സിയും (40), മകൾ മെർ‌ലിനും അപകടനില തരണം ചെയ്തു. മേഴ്സിയെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മേഴ്സിയുടെ നെറ്റി മുതൽ തലയുടെ പിൻഭാഗം വരെ 38 സ്റ്റിച്ചുകളുണ്ട്. മേഴ്സിയുടെ തലയുടെ പിൻഭാഗത്ത് ഏറ്റ അടി മാരകമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതറ വളവുകോട് മത്തായിപ്പാറ ഈട്ടിക്കൽ സുരേഷിനെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴിന് വീട്ടിൽ വച്ചായിരുന്നു സംഭവം.

പ്രേമവിവാഹിതരായ പാലാ മേലുകാവ് സ്വദേശിയായ സുരേഷും മേഴ്സിയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേ തുടർന്ന് സുരേഷിന്റെ പിതൃസഹോദരിയ്ക്കൊപ്പം മക്കളെയും കൂട്ടി മേഴ്സി താമസം മാറ്റി. ഇതിനിടയിൽ പാറമട തൊഴിലാളിയായ സുരേഷിന് അപകടം സംഭവിച്ചു. ഇതോടെ പിണക്കമെല്ലാം മറന്ന് മേഴ്സിയും മക്കളും സുരേഷിനൊപ്പം താമസമാക്കി.

എന്നാൽ വീണ്ടും വഴക്ക് തുടർന്നതോടെ മേഴ്സി കുടുംബകോടതിയിൽ പരാതി നല്കിയിരുന്നു. ഇതിലുള്ള പകയാണ് ഭാര്യയേയും മകളെയും അക്രമിക്കാൻ കാരണം. ഒന്നരവയസുള്ള കുട്ടിയെ ബൈക്കിലിരുത്തി തള്ളിയിട്ടതിന് സുരേഷിന്റെ പേരിൽ കേസ് നിലവിലുണ്ട്.