കോട്ടയം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്‌ടറി (എച്ച്.എൻ.എൽ) ഏറ്റെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് വിലങ്ങിട്ട് കേന്ദ്രം. 25 കോടി രൂപയ്ക്ക് എച്ച്.എൻ.എൽ ഓഹരികൾ ഏറ്റെടുക്കാനും 430 കോടി രൂപയുടെ ബാദ്ധ്യതകൾ തീർക്കാനും ഒരുക്കമാണെന്ന് സംസ്‌ഥാന സർക്കാർ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ ഓഫർ അപര്യാപ്‌തമാണെന്നും കൂടുതൽ തുക നൽകാൻ ഒട്ടേറെ കമ്പനികൾ തയ്യാറാണെന്നും നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കേന്ദ്ര ഖനവ്യവസായ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
ഇതുസംബന്ധിച്ച വാദം ട്രൈബ്യൂണലിൽ 25ന് വീണ്ടും നടക്കും. മൂലധന പ്രതിസന്ധിമൂലം ഒരുവർഷത്തിലേറെയായി എച്ച്.എൻ.എല്ലിൽ പ്രവർത്തനമില്ല. കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ് ഏറ്റെടുക്കൽ ശ്രമവുമായി കേരളം മുന്നോട്ടെത്തിയത്.