ashtami

വൈക്കം: ശൈവചൈതന്യം നിറഞ്ഞ് വ്യാഘ്രപാദപുരി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിദർശനം ആയിരങ്ങൾക്ക് സായൂജ്യമായി.

പതിനൊന്നാം ഉത്സവ നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾ തന്നെ അഷ്ടമി തൊഴാനുള്ള ഭക്തരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വെളുപ്പിന് 3.30ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി. ഡി. നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നട തുറന്ന് ഉഷ:പൂജ, എതൃത്ത പൂജ എന്നിവയ്ക്ക് ശേഷം അഷ്ടമി ദർശനത്തിനായി നട തുറന്നപ്പോൾ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരി മന്ത്രവും അന്തരീക്ഷത്തിൽ നിറ‌ഞ്ഞു. മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തെ ആൽത്തറയിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിയ്ക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്. 11.30ന് മാന്യസ്ഥാനത്ത് ഇലവച്ച് വൈക്കത്തപ്പനെ സങ്കൽപ്പിച്ച് വിഭവങ്ങൾ വിളമ്പിയതോടെ അന്നദാനപ്രഭുവിന്റെ പെരുംതൃക്കോവിലഗ്രശാലയിലെ പെരുമയാർന്ന പ്രാതൽ സദ്യക്ക് തുടക്കമായി. 121 പറ അരിയുടെ പ്രാതലാണ് അഷ്ടമി പ്രസാദമായി ദേവസ്വംബോർഡ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരുന്നത്.

ഊട്ടുപുരയിൽ പ്രാതലിന്റെ ദീപം തെളിയിക്കൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി.എസ് ശ്രീകുമാർ നിർവഹിച്ചു. അസിസ്റ്റൻഡ് കമ്മിഷണർ ജി.ജി.മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ഡി.ജയകുമാർ, ഉപദേശക സമിതി ഭാരവാഹികളായ ഡി. സോമൻ, പി.എം. സന്തോഷ് കുമാർ, ടി.ആർ.സുരേഷ് എന്നിവർ പങ്കെടുത്തു. ഊട്ടുപുരയിലുടെ ഇരുനിലകളിലായി നടന്ന പ്രാതലിൽ ആയിരങ്ങൾ പങ്കെടുത്തു.