ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വൃശ്ചികമാസ ശനിയാഴ്ചകളിൽ അയ്യപ്പന് നെയ്യഭിഷേകം നടത്തും. മണ്ഡലകാലത്ത് ഉപദേവതയായ അയ്യപ്പന് നെയ്യഭിഷേകം നടക്കുന്ന ഏക ക്ഷേത്രമാണിത്. പല കാരണങ്ങളാൽ ശബരിമലയ്ക്കു പോയി നെയ്യഭിഷേകം നടത്താൻ കഴിയാത്തവരും, ശനിദോഷമുള്ളവരുമാണ് നെയ്യഭിഷേകം വഴിപാടിനായി എത്തുന്നത്. ശബരിമലയിലെ അതേ ആചാരാനുഷ്ഠാനങ്ങളോടെയാണ് ഇവിടെയും അഭിഷേകം നടക്കുന്നത്. ഇവിടെ നെയ്യഭിഷേക ദർശനത്തിന് പ്രായപരിധിയില്ലാതെ സ്ത്രീകൾക്കും പങ്കെടുക്കാം. ഈ മണ്ഡലകാലത്തെ ആദ്യ നെയ്യഭിഷേകം 23 ന് രാവിലെ 8 ന് നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അഭിഷേകത്തിനുള്ള നെയ്യ് ശുദ്ധവൃത്തിയോടെ ഭക്തർക്ക് നേരിട്ടുമെത്തിക്കാം. നെയ്യഭിഷേകത്തോടൊപ്പം അഷ്ടാഭിഷേകവും വഴിപാടായി നടത്താറുണ്ട്. ഇതോടൊപ്പം വിശേഷാൽ ശനീശ്വരപൂജ, നീരാജനം, എള്ളു പായസം വഴിപാട് എന്നിവയുമുണ്ട്.
അഭിഷേകം ചെയ്ത നെയ്യ് മുഴുവൻ ഭക്തർക്കും പ്രസാദമായി വിതരണം ചെയ്യും. തേൻ അഭിഷേകത്തിന്റെ പ്രസാദവും വിതരണം ചെയ്യുന്നുണ്ട്. മണ്ഡല കാലത്തെ എല്ലാ ശനിയാഴ്ചകളിലേക്കുമുള്ള നെയ്യഭിഷേകം, അഷ്ടാഭിഷേകം വഴിപാടുകൾ മുൻകൂറായും ബുക്ക് ചെയ്യാം. ഫോൺ:9745260444.