വൈക്കം: പതിമൂന്നു രാപകൽ ക്ഷേത്രനഗരത്തെ ഭക്തിയിൽ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഇന്ന് വൈകിട്ട് 5ന് നടക്കും. തന്ത്രിമാരായ കിഴക്കിനേടേത്ത് ചെറിയ നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൽ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ തങ്കവിഗ്രഹത്തിലേക്ക് ആവാഹിക്കും. തിടമ്പേറ്റുന്ന ആനയെ കൂടാതെ രണ്ടാനകളുടെ അകമ്പടിയോടെയാണ് ഉദയനാപുരം ഇരുമ്പൂഴിക്കര ആറാട്ട് കടവിലേക്ക് വൈക്കത്തപ്പന്റെ ആറാട്ട് പുറപ്പാട്. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയാകും. ആചാരമനുസരിച്ച് വൈക്കത്തന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിലും ഉദയനാപുരത്തപ്പന്റേത് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആറാട്ടുകുളത്തിലുമാണ് നടക്കുക.
ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ രാത്രി 11ന് കൂടിപ്പൂജയും നടക്കും. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ച് നടത്തുന്ന പൂജയാണ് കൂടിപ്പൂജ. ഈ സമയം ചോറൂണ്, അടിമ, തുലാഭാരം എന്നിവ നടത്തുന്നത് പ്രധാനമായതിനാൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിചേരും. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും.