പാലാ : നഗരസഭാ വക തെക്കേക്കര കോംപ്ലക്‌സിലെ വൈദ്യുതി കണക്ഷൻ ഇന്നലെ പുന:സ്ഥാപിച്ചു. ആറ് മാസത്തെ കറണ്ട് ചാർജ് കുടിശിക ആയതിനെ തുടർന്നാണ് കോംപ്ലക്‌സിലെ ഫ്യൂസും മീറ്ററും കെ.എസ്.ഇ.ബി ജീവനക്കാർ മൂന്നുദിവസം മുൻപ് ഊരിക്കൊണ്ടുപോയത്. ഇത് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വാർത്ത ആയതോടെ കോംപ്ലക്‌സിലെ വൈദ്യുതി ബില്ല് തങ്ങൾക്ക് കിട്ടിയിരുന്നില്ലെന്നായി നഗരസഭാധികൃതർ. ഇതിനിടെ മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടവും , പ്രൊഫ.സതീശ് ചൊള്ളാനിയും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ കോംപ്ലക്‌സിലെ ഉണക്കമീൻ വില്പന കേന്ദ്രത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ ബില്ല് ഏല്പിച്ചിരുന്നതായി കണ്ടെത്തി. 7790 രൂപ കുടിശിക അടച്ചതോടെ മറ്റ് സാങ്കേതിക തടസങ്ങളെല്ലാം പരിഹരിച്ച് ഇന്നലെ വൈദ്യുതിവിതരണം പുനഃ സ്ഥാപിക്കുകയായിരുന്നു.