കോട്ടയം: ജോസ് വിഭാഗം പ്രവർത്തകരുടെ മനസിൽ കെ.എം.മാണി സ്മരണ ഉണർത്തി പാർട്ടിയിൽ പിടിമുറുക്കാൻ പി.ജെ.ജോസഫും കൂട്ടരും കളി തുടങ്ങി.

മാണി ഫൗണ്ടേഷൻ, മാണി മ്യൂസിയം, മാണി പ്രതിമ തുടങ്ങി കെ.എം മാണിയുടെ പേരിൽ എന്തെല്ലാം സ്ഥാപിക്കാമോ അതൊക്കെ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ജോസഫ് പക്ഷത്തെ നേതാക്കൾ. മാണിയുടെ പൂർണകായ പ്രതിമ തലസ്ഥാന നഗരിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ജോസഫ് രംഗത്തു വന്നപ്പോൾ പാലാ ഉപതിരഞ്ഞെടുപ്പിന് തൊട്ടു തലേന്ന് മാണി വിഭാഗത്തിൽ നിന്ന് മറുകണ്ടം ചാടിയ മുൻ പാലാ നഗരസഭാ ചെയർമാൻ കുര്യാക്കോസ് പടവൻ മാണി ഫൗണ്ടേഷനുമായാണ് കളത്തിൽ ഇറങ്ങിയത്. അണികളെ മാണി വികാരത്തിലൂടെ മാത്രമേ കൂടെ കൂട്ടാൻ കഴിയൂ എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. മാണിയുടെ കരിങ്ങോഴിക്കൽ വീട് സ്മാരകമാക്കണമെന്ന ആവശ്യവും ജോസഫ് വിഭാഗം ഉയർത്തി ജോസ് കെ. മാണിയെയും ഞെട്ടിച്ചിരിക്കുകയാണ്.

മാണിയ്ക്ക് സ്മാരകം വേണമെന്നാവശ്യപ്പെട്ട് പി. ജെ. ജോസഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കയാണ്.

30ന് പാലായിൽ ജോസഫ് വിഭാഗം നിയോജക മണ്ഡലം കൺവെൻഷൻ നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായുള്ള കുടുംബസംഗമം രാമപുരത്ത് പി.ജെ.ജോസഫ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ഡിസംബർ 14ന് കോട്ടയത്ത് കർഷക സംഗമവും നടത്തും. ജോസ് വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് പാർട്ടി കൈപ്പിടിയിലാക്കാനുള്ള ജോസഫിന്റെ കളികളായാണ് എതിർ വിഭാഗം ഇതിനെ കാണുന്നത്. മകൻ അപ്പുവിന് നവമാദ്ധ്യമസംഘത്തിെന്റെ ചുമതല നൽകി പിൻഗാമിയാക്കാനുള്ള നീക്കവും ജോസഫ് ആരംഭിച്ചിട്ടുണ്ട്. സി.എഫ്.തോമസ് തങ്ങളു‌ടെ ഗ്രൂപ്പിൽ എത്തിയതോടെ ചങ്ങനാശേരിയിൽ പിടിമുറുക്കിയ സന്തോഷത്തിലാണ് ജോസഫ് വിഭാഗം.