അടിമാലി: ആശുപത്രിക്ക് വികസനം വരുമ്പോൾ മാവേലി മെഡിക്കൽ സ്റ്റോർ പുറത്തായി.. താലുക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മാവേലി മെഡിക്കൽ സ്റ്റോർ മാറ്റി സ്ഥാപിക്കാൻ ആശുപത്രി അധികൃതർ ആവശ്യപെട്ടിരിക്കുകയാണ്.ആശുപത്രി കോമ്പൗണ്ടിൽ പുതിയതായി നിർമ്മിക്കുന്ന കാത്ത് ലാബിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റുകയാണ്. ആശുപത്രി കോമ്പൗണ്ടിൽ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതിനു പകരം പുറത്ത് മറ്റ് എവിടെയെങ്കിലും മാറ്റാനാണ് തീരുമാനം.

ആദിവാസി മേഖലയിൽ നിന്നുമുള്ള നൂറുകണക്കിന് രോഗി കളാണ് ഇവിടെ ചികത്സ തേടി എത്തുന്നത്.. ആരോഗ്യകിരണം പദ്ധതി പ്രകാരം 17 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള മരുന്നുകൾ, ആരോഗ്യ ഇൻഷ്വറൻസ്, പ്രസവത്തോടനുന്ധിച്ച സൗജന്യ മരുന്നു വിതരണം എന്നിവ മാവേലി മെഡിക്കൽ സ്റ്റോർ മുഖാന്തിരമാണ് നടന്നുവരുന്നത്.


സർക്കാർ ആശുപത്രിയിൽ നിന്നും പുറത്തേക്ക് കുറിക്കുന്ന മരുന്നുകൾ മാവേലി മെഡിക്കൽ സ്റ്റോർ ആശുപത്രിയുടെ സമീപം പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് ഇത് സൗകര്യപ്രദമായിരുന്നു. ഇവിടെ ചികത്സ തേടി എത്തുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാർ ഉണ്ടാകാറില്ല. രോഗികൾ തന്നെയാണ് മരുന്നുകൾ വാങ്ങുന്നതിന് എത്തുക.
എന്നാൽ പുതിയതായി ആശുപത്രിക്ക് സമീപം മെഡിക്കൽ സ്റ്റോറിനായി മുറി വാടകയ്ക്ക് എടുക്കണമെങ്കിൽ ഭീമമായ സെക്യൂരിറ്റി തുകയും വാടകയും കൊടുക്കണം. ഇത് നൽകാൻ സിവിൽ സപ്ലയ്‌സ് അധികൃതർ തയ്യാറല്ല. അപ്പോൾ ആശുപത്രിയിൽ നിന്നും അകലെ മാത്രമേ മെഡിക്കൽ സ്റ്റോർ തുടങ്ങാൻ കഴിയൂ. ഇപ്പോൾ പ്രതിമാസം 9 ലക്ഷം രൂപ വരുമാനമുള്ള മെഡിക്കൽ സ്റ്റോർ മാറ്റി സ്ഥാപിക്കുന്നത് വരുമാനത്തിൽ ഗണ്യമായ കുറവ്വരുത്തും. . ആദിവാസി ജനവിഭാഗങ്ങളും സാധാരണക്കാരും ആശുപത്രിയിൽ നിന്നു വളരെ അകലെ പോയി മരുന്നു വാങ്ങാൻ വിമുഖത കാട്ടുമെന്നതാണ് പ്രശ്നമാകുന്നത്.
രോഗികളുടെ അവസ്ഥ മനസ്സിലാക്കാതെ ആശുപത്രി സൂപ്രണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ മാവേലി മെഡിക്കൽ സ്റ്റോർ ഇവിടെ നിന്നും മാറ്റണമെന്ന നിലപാടിലാണ്.ഇവർ ആദ്യം സൗകര്യം ഒരുക്കാമെന്ന് മെഡിക്കൽ സ്റ്റോർ അധികൃതരോട് സമ്മദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ നിലപാട് മാറ്റം സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ വേണ്ടിയാണെന്നുള്ള ആക്ഷേപം ഉണ്ട്.ആശുപത്രികോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ചാൽ തീരുന്ന പ്രശ്‌നമാണ് ഇത്. പുതിയ ആശുപത്രി കെട്ടിടം നിർമ്മാണം പൂർത്തിയാക്കാൻ വർഷങ്ങൾ കാത്തിരിക്കണ്ടതായി വരും. ഈ കാലയളവിൽ മാവേലി മെഡിക്കല്‍ സ്റ്റോര്‍ ആശുപത്രി പരിസരംവിട്ട് പ്രവർത്തിക്കുന്നത് രോഗികൾക്ക് ഏറെ ദുരിതംവരുത്തും. അശുപത്രി കോമ്പൗണ്ടിൽ തന്നെ മാവേലി മെഡിക്കൽ സ്റ്റോർ നിലനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഇപ്പോൾ മാവേലി മെഡിക്കൽ സ്റ്റോർ മാറ്റി സ്ഥാപിക്കുകയും പുതിയ കെട്ടിടം പണി തീരുന്ന മുറയ്ക്ക് സൗകര്യം ഒരുക്കും

ആശുപത്രി സൂപ്രണ്ട്

ചിത്രം അടിമാലി താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാവേലി മെഡിക്കൽ സ്റ്റോർ