പാലാ : സംസ്ഥാനത്തെ റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചിരട്ടപ്പാലിനും ഒട്ടുപാലിനും കമ്പോളവില നിശ്ചയിച്ച് റബർ ഉത്പാദക ബോണസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു മാണി സി കാപ്പൻ എം.എൽ.എ നിയമസഭ ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ടയർ നിർമ്മാതാക്കൾ ചിരട്ടപ്പാൽ വാങ്ങുമെന്നതിനാൽ ഉയർന്ന വില കർഷകർക്ക് ലഭ്യമാകും. ചിരട്ടപ്പാലിനും ഒട്ടുപാലിനും കാലാനുസൃതമായ വിലയും ആനുകൂല്യങ്ങളും ലഭ്യമാക്കിയാൽ കുറഞ്ഞ ചെലവിലും കുറഞ്ഞ മനുഷ്യവിഭവശേഷിയിലും കുറഞ്ഞ സമയത്തിലും ഇവ ഉത്പാദിപ്പിക്കാൻ കർഷകർക്ക് സാധിക്കും. സർക്കാർ നടപടിയെടുത്ത് സംസ്ഥാനത്തെ റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു. പുതിയ റബർ നയത്തിന്റെ ഭാഗമായി ചിരട്ടപ്പാലിന്റെ ഇന്ത്യൻ സ്റ്റാന്റഡൈസ് നിശ്ചയിക്കുന്നതിന് റബർ ബോർഡിലെ വിദഗ്ദ്ധരുടെ പാനൽ ബ്യൂറോ ഒഫ് ഇൻഡ്യൻ സ്റ്റാന്റഡൈസ് നിയോഗിച്ചിട്ടുണ്ടെന്നും ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചു നൽകുന്ന മുറയ്ക്ക് ചിരട്ടപ്പാലിനെയും ബോണസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ മറുപടി പറഞ്ഞു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.