കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മിയ ജോര്‍ജ്ജ് വിശിഷ്ടാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ​ഫാ. സുനില്‍ പെരുമാനൂർ, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ , ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, മുനിസിപ്പല്‍ ചെയർമാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11ന് കടുത്തുരുത്തി മേഖല കലാപരിപാടികൾ. 12.30ന് പാറ്റിക്കൊഴിക്കൽ മത്സരവും തുടർന്ന് നാടോടി നൃത്ത മത്സരവും ഉറിയടി മത്സരവും നടക്കും. 3ന് പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കോട്ടയം ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആർ. സോന എന്നിവർ പ്രസംഗിക്കും.