h

ചങ്ങനാശേരി: മാടപ്പള്ളി സ്വദേശിയായ സുബിൻ ജോസഫിന് പുത്തൻ വീടൊരുക്കി തെങ്ങണാ ഗുഡ് ഷെപ്പേർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധത പരിപാടിയുടെ ഭാഗമായാണ് മാടപ്പള്ളി പഞ്ചായത്തിൽ 17-ാം വാർഡിലെ ഇലവഞ്ചികുഴിയിൽ സുബിൻ ജോസഫിന് 'സ്നേഹവീട്" നിർമ്മിച്ച് നൽകിയത്. വിദ്യാർഥികളിൽനിന്ന് സമാഹരിച്ച നാല് ലക്ഷം രൂപക്ക് സ്‌കൂളിന്റെ സമീപ പ്രദേശത്ത് ഒരു ഭവനം നിർമ്മിക്കുകയായിരുന്നു പരിപാടി. സ്‌കൂൾ മാനേജർ ഡോ. റൂബിൾ രാജിന്റെ ആവശ്യപ്രകാരം വാർഡ് മെമ്പർ സന്ധ്യ എസ് പിള്ളയാണ് ഗുണഭോക്താവിനെ കണ്ടെത്തിയത്. തുടർന്ന് മെമ്പർ നിർദ്ദേശിച്ച വ്യക്തിയെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്ദർശിച്ചു. ഭവന നിർമ്മാണത്തിന്റെ ഉത്തരവാദിത്വം കൂടത്തിൽ കൺസ്ട്രക്ഷൻസ് ഉടമ ജോമോൻ ഫിലിപ്പിനായിരുന്നു. അഞ്ച് ലക്ഷം കൂടി മുടക്കി ഒമ്പത് ലക്ഷം രൂപയ്ക്കാണ് 510 ചതുരശ്രയടി വിസ്തൃതിയുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീട് പൂർത്തിയാക്കിയത്. താക്കോൽദാനം ഇന്ന് ചെയർമാൻസ് ഡേയോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ സി.എഫ്. തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചെയർമാൻ വർക്കി എബ്രഹാം കാച്ചണത്ത് ഉപഭോക്താവിന് കൈമാറും. പ്രിൻസിപ്പൽ ജേക്കബ് മാത്യു, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പി.ആർ.ഒ സിജോ ഫ്രാൻസിസ് എന്നിവർ പ്രസംഗിക്കും.