കോട്ടയം: ജില്ലാ കേരളോത്സവം നാളെ മുതൽ 24 വരെ കാഞ്ഞിരപ്പള്ളിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 ബ്ലോക്കുകളിൽ നിന്നും ആറ് നഗരസഭകളിൽ നിന്നുമായി 90 ഇനങ്ങളിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള. നാളെ ഉച്ചകഴിഞ്ഞ് 1.30 പേട്ട സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കളക്ടർ പി.കെ. സുധീർബാബു ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് ടൗൺ ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡോ. എൻ. ജയരാജ് എം.എൽ.എ അദ്ധ്യക്ഷനാകും.
24ന് വൈകിട്ട് അഞ്ചിന് പേട്ടക്കവല തോംസൺ മൈതാനത്ത് ചേരുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എം.എൽ.എ സമ്മാന ദാനം നിർവഹിക്കും. വൈകിട്ട് ആറിന് നടക്കുന്ന കലാസന്ധ്യ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമന്നും സംഘാടകർ അറിയിച്ചു..

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ,​ സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം സന്തോഷ് കാലാ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാൻ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.