പാലാ : പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇൻഫാമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കാർഷികമേളയ്ക്ക് 27 ന് പാലായിൽ തുടക്കമാകും. ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊരുന്നോലിൽ-പുഴക്കര മൈതാനത്ത് സജ്ജീകരിക്കുന്ന കൂറ്റൻ പന്തലിലാണ് മേള. കല, കായിക, സാംസ്‌കാരിക മത്സരങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ, കർഷകസംഗമം, സമ്മേളനങ്ങൾ,പരിശീലനപരിപാടികൾ,ഫ്‌ളവർഷോ, ഫുഡ്‌കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ഡോഗ്‌ഷോ, ഗാനമേളകൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയവ മേളയോടനുബന്ധിച്ചുണ്ട്. 27 ന് രാവിലെ 10 ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പവലിയൻ സമർപ്പണം നിർവഹിക്കും. 3.30 ന് തോമസ് ചാഴികാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ മാണി. സി. കാപ്പൻ, പി.സി.ജോർജ്, മോൻസ് ജോസഫ്, കെ.സുരേഷ് കുറുപ്പ്, സി.കെ. ആശ എന്നിവർ ചേർന്ന് കാർഷികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. 28 ന് രാവിലെ 10.30 ന് സെമിനാർ. 29 ന് കർഷകദിനമായി ആചരിക്കും. വൈകിട്ട് 5 ന് ഇൻഫാം രൂപതാഡയറക്ടർ ഫാ. ജോസ് തറപ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കർഷകസംഗമത്തിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ഇൻഫാം ദേശീയസെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ, ഇ.ജെ. ആഗസ്തി, ജോർജ് സി. കാപ്പൻ, സതീഷ് ചൊള്ളാനിൽ, വി.ജി. വിജയകുമാർ, സണ്ണി ഡേവീഡ്, റ്റോബിൻ കെ അലക്‌സ് എന്നിവർ പ്രസംഗിക്കും. 30 ന് സുസ്ഥിര വികസനദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വികസന സെമിനാറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും.
സമാപനദിനമായ ഡിസംബർ 1 ന് രാവിലെ 10.30 ന് സെമിനാറിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. വൈകിട്ട് 5.30 ന് ചേരുന്ന സമാപനസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ ആമുഖപ്രസംഗം നടത്തും. കർഷകസുരക്ഷാനിധിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിക്കും. എം.എൽ.എമാരായ അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, മാണി സി. കാപ്പൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, മുൻ എം.എൽ.എ മാരായ വി.എൻ. വാസവൻ, ജോസഫ് വാഴയ്ക്കൻ, മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ഇൻഫാം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടർ ഫാ. മാത്യു പുല്ലുകാലായിൽ, സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിക്കും.