എരുമേലി : കനത്തമഴയിൽ എരുമേലി ടൗണിൽ വെള്ളം കയറിയത് ശബരിമല തീർത്ഥാടകരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ വൈകിട്ടോടെയാണ് ശമിച്ചത്. നിമിഷങ്ങൾക്കുള്ളിൽ റോഡുകൾ തോടായി. പേട്ടതുള്ളാൻ കഴിയാതെ നൂറുകണക്കിന് അയ്യപ്പഭക്തർ കടത്തിണ്ണകളിൽ അഭയം പ്രാപിച്ചു. പലരും ഭീതിയിലായി. വലിയ തോട് നിറഞ്ഞൊഴുകിയതോടെ ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിലെ സംരക്ഷണ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞ് വീണു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും, പരിസരവും വെള്ളത്തിലായി. ഇടിമിന്നലേറ്റ് ഓരുങ്കൽകടവിലെ ട്രാൻസ്‌ഫോർമർ തകർന്നു. ടൗണിന് സമീപം വാഴക്കാല ടി.ബി റോഡിൽ കുന്നേൽ സുലൈമാന്റെ വീടിന് മിന്നലേറ്റ് മീറ്റർ ബോർഡ് പൊട്ടിത്തെറിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് പൂർണമായി വെള്ളക്കെട്ടിലായി. കടകളിൽ നിറഞ്ഞ വെള്ളം പുറത്തേക്കൊഴുക്കാൻ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുകയായിരുന്നു. കൊച്ചുതോടിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ അടിഞ്ഞ് വെള്ളം ഒഴുകാൻ തടസം നേരിട്ടതാണ് റോഡിൽ വെള്ളക്കെട്ടുയരാൻ കാരണം. ഓടകൾ അടിഞ്ഞതും പ്രശ്നം രൂക്ഷമാക്കി. ടി.ബി റോഡിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേച്ചൊല്ലി പൊലീസും ടാക്‌സി ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ നിയന്ത്രണം പിൻവലിച്ചു.

പാർക്കിംഗ് ഗ്രൗണ്ടുകൾ ചെളിക്കുണ്ടായി

ടി.ബി റോഡിൽ വൺവേ ഏർപ്പെടുത്തി

സംരക്ഷണഭിത്തി ഒലിച്ചുപോയി

മിന്നലിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു