കോട്ടയം: റെയിൽവേ പാതഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാഗമ്പടത്തെ കാൽനടപ്പാലം അടുത്ത ദിവസം തന്നെ പൊളിച്ച് നീക്കിയേക്കും. ഇതിന്റെ ഭാഗമായി റെയിൽവേ സാദ്ധ്യതാ പഠനം നടത്തിയ ശേഷം റിപ്പോർട്ട് തിരുവനന്തപുരം ഡിവിഷന് നൽകി. ഈ റിപ്പോർട്ട് ലഭിച്ച ശേഷം റെയിൽവേ പാലം പൊളിച്ച് നീക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ ആരംഭിക്കും. നിലവിലുള്ള റെയിൽവേ നടപ്പാലം പൊളിച്ചു മാറ്റി, ഇവിടെ ഷട്ടിംഗ് യാർഡ് പ്രവർത്തനം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പാലം മുറിച്ചു കടക്കാതെ എം.സി റോഡിൽ എത്താനും, എം.സി റോഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സ്റ്റാൻഡിലേയ്‌ക്കിറങ്ങാനുമുള്ള ക്രമീകരണം എന്ന നിലയിലാണ് ഇവിടെ മേൽപ്പാലം നിർമ്മിച്ചിരുന്നത്. എന്നാൽ, ഈ പാലം പാതഇരട്ടിപ്പിക്കലിനായി പൊളിക്കേണ്ടി വരുമ്പോൾ പകരം സൗകര്യം ഒരുക്കുന്ന കാര്യത്തിൽ റെയിൽവേ ഇനിയും തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ല.
നിലവിലുള്ള പാലത്തിന്റെ പാലത്തിന്റെ ഇരുവശവും നീളം കൂട്ടി പുതുക്കിപ്പണിയുന്നതിനും അല്ലെങ്കിൽ പാലം പൂർണമായും പൊളിച്ചു നീക്കിയ ശേഷം ഇതേ മാതൃകയിൽ നീളവും വീതിയും കൂടിയ പാലം നിർമ്മിക്കാനും റെയിൽവേയ്‌ക്ക് പദ്ധതിയുണ്ടെങ്കിലും ഇതിന് അന്തിമ അനുമതി ലഭിച്ചിട്ടില്ല.