വൈക്കം: ഭക്തിയുടെ നിറവിൽ മഹാദേവ സന്നിധിയിൽ അഷ്ടമി നാൾ രാത്രിയിലെ അഷ്ടമിവിളക്ക്. താരകാസുര നിഗ്രഹത്തിന് പോയ പുത്രൻ ഉദയനാപുരത്തപ്പന്റെ വരവും കാത്ത് ആർഭാടങ്ങളും വാദ്യമേളങ്ങളും ഇല്ലാതെ ഭഗവാന്റെ എഴുന്നള്ളിപ്പു കിഴക്കേ ആന പന്തലിലെത്തി നിന്നു. ചേർപ്പുള്ളശ്ശേരി അനന്തപത്മനാഭൻ എന്ന ഗജവീരൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. അസുര നിഗ്രഹത്തിനു ശേഷം കൂട്ടുമ്മേൽ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തിലേക്ക് വരവായി, വലിയ കവല, കൊച്ചാലും ചുവട്, വടക്കേനട എന്നിവിടങ്ങളിൽ ഭക്ത്തജനങ്ങൾ വരവേല്പ് നൽകി.
മൂത്തേടത്ത് കാവ്, ഇണ്ടംതുരുത്തി, തൃണയം കുടം, പുഴവായികുളങ്ങര, കിഴക്കുംകാവ് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളും വൈക്കം ക്ഷേത്രത്തിലെത്തി. പിതാവ് തന്റെ സ്ഥാനം പുത്രനു നല്കി അനുഗ്രഹിച്ച മുഹൂർത്തത്തിൽ ഇരു വശങ്ങളിലുമായി മറ്റ് ദേവീദേവന്മാർ നിരന്നു. അവകാശിയായ കറുകയിൽ കുടുബത്തിലെ കാരണവരായ കിടങ്ങൂർ കൊച്ചുമഠത്തിൽ ഗോപാലൻ നായർ പല്ലക്കിലെത്തി സ്വർണ്ണ ചെത്തിപ്പു കാണിക്കയർപ്പിച്ചതോടെ വലിയ കാണിക്കയ്ക്ക് തുടക്കമായി. തുടർന്ന് വിടപറയൽ ചടങ്ങ്. ദേവീദേവന്മാരെ യാത്രയാക്കി അച്ഛനും മകനും വിടപറയുമ്പോൾ പരിസരം ശോകമൂകമായി. ദുഖഖണ്ഡാര രാഗമാണ് അപ്പോൾ നാദസ്വരത്തിലൂടെ ഒഴുകുക. വൈക്കം ഹരിഹരയ്യരും വൈക്കം ഷാജിയും വിഷാദ രാഗം നാദസ്വരത്തിൽ ആലപിച്ചു. മകൻ പോകുന്ന കാഴ്ച ഹൃദയവേദനയോടെ വടക്കേ ഗോപുരത്തിൽ അല്പസമയം നോക്കി നിന്ന് വൈക്കത്തപ്പൻ ശ്രീകോവിലിലേക്ക് മടങ്ങിതോടെ അഷ്ടമി വിളക്കിന് പരിസമാപ്തിയായി.
---- അഷ്ടമി വിളക്കിനായി വൈക്കത്തപ്പനെ എഴുന്നള്ളിക്കുന്നു