കോട്ടയം: കുമരകം മെത്രാൻ കായൽ തുടർച്ചയായി നാലാം തവണയും കതിരണിയുന്നു. ഈ സീസണിലെ വിത ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ ഇന്ന് രാവിലെ നിർവഹിക്കും. സ്വകാര്യ ടൂറിസ്റ്റു കേന്ദ്രമാക്കാൻ റിസോർട്ട് മാഫിയ പദ്ധതി തയ്യാറാക്കിയ 404 ഏക്കർ മെത്രാൻ കായലിൽ കടുത്ത എതിർപ്പുകൾ മറികടന്ന് സർക്കാരിന്റെ ഇച്ഛാ ശക്തി കാരണമാണ് കൃഷിയോഗ്യമായത്. ഒരു ഡസനോളം കർഷകരെ സംഘടിപ്പിച്ച് 2016 നവംബർ പത്തിനായിരുന്നു ആദ്യ വിത. ഉമ വിത്തായിരുന്നു വിതച്ചത്. നെല്ല് മൂപ്പെത്തിയപ്പോൾ മട പൊട്ടിച്ച് കൃഷി നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായി. പാടത്തു കാവൽ കിടന്നായിരുന്നു കർഷക തൊഴിലാളികൾ കൃഷി സംരക്ഷിച്ചത്. ആദ്യ തവണ തന്നെ നൂറ് മേനി കൊയ്ത മെത്രാൻ കായലിൽ അവസാന കൃഷിയിൽ ഏക്കറിന് 30 ക്വിന്റൽ നെല്ല് വരെ ലഭിച്ച റെക്കാഡ് വിളവായിരുന്നു. പ്രളയജലം കൊണ്ടുവന്ന എക്കലായിരുന്നു ഇതിന് കാരണം. ഇന്ന് എതിർപ്പുകളെല്ലാം കെട്ടടങ്ങി. കൂടുതൽ സ്ഥലത്ത് നെൽകൃഷിയായി. നെൽകൃഷി എങ്ങനെ ലാഭകരമാക്കാമെന്ന അനുഭവപാഠമാണ് മെത്രാൻ കായൽ ഇന്ന് നൽകുന്നത് .