rd

കോട്ടയം : തലപ്പാടി കോളേജിന് മുന്നിൽ അപകടക്കെണിയൊരുക്കി കാത്തിരിക്കുന്ന രണ്ട് കൊടുംവളവുകളുണ്ട്. പുതുപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങളും മണർകാട് കവലയിൽ നിന്നുള്ള വാഹനങ്ങളും ഈ കൊടും വളവിലാണ് സംഗമിക്കുന്നത്. ദിവസവും ചെറുതും വലുതുമായി നിരവധി 'സംഗമങ്ങൾ' ഇവിടെ സംഭവിക്കാറുണ്ട്. വളവ് അറിയാതെ അതിവേഗത്തിലെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്നോവ കാറും പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുമ്പ് രണ്ട് ബൈക്കുകളാണ് കൂട്ടിയിടിച്ചത്. റോ‌ഡിന് വീതി കൂട്ടി ടാർ ചെയ്തതോടെ വാഹനങ്ങൾ കുതിച്ചുപായാൻ തുടങ്ങി. ഇതാണ് അപകടം തുടർക്കഥയാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് കൊടുവളവുകളും വലിയ ഇറക്കുവുമാണ് ഇവിടെയുള്ളത്.കൊടും വളവും കുത്തിറക്കവും കാരണം ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ പരസ്‌പരം കാണാൻ കഴിയില്ല. ഇത് അപകടത്തിന്റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കുന്നു.

കാനയിലെ കാടും കാൽനടയാത്രയും

റോഡിനു സമീപത്തുകൂടെ ഒരുകാന കടന്നു പോകുന്നുണ്ട്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ വീണു കിടക്കുന്നത് ഈ കാനയിലാണ്. കാട് മൂടിയതിനാൽ കാന ഉണ്ടെന്നു പോലും അറിയാൻ കഴിയില്ല. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് കാനയിലേക്ക് തെറിച്ചുവീണാൽ നേരംവെളുത്താൽ പോലും കണ്ടെത്തിയെന്ന് വരില്ല. ഇത്തരത്തിൽ നിരവധി മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിന് വീതി കൂട്ടിയതോടെ കൊടുവളവിൽ കാൽനട പോലും അപകടകരമായി മാറിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി കാൽനടക്കാരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. എന്നാൽ ഇവിടെ ഫുട്പാത്തില്ല. അതിനാൽ വിദ്യാർത്ഥികളും പ്രദേശവാസികളും ഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.