ചങ്ങനാശേരി: മാസങ്ങൾക്ക് മുമ്പ് പ്രവർത്തനരഹിതമായ വഴിവിളക്കുകൾ നന്നാക്കുന്നതിനായി നടപടികൾ സ്വീകരിക്കാത്തതിനാൽ വെളിച്ചമുള്ള വഴിയിലൂടെ നടക്കണമെന്ന നാട്ടുകാരുടെ സ്വപ്നവും അനന്തമായി നീളുന്നു. സെൻട്രൽ ജംഗ്ഷൻ, പെരുന്ന ബസ് സ്റ്റാൻഡ്, പെരുന്ന റെഡ് സ്ക്വയർ, എസ്.എച്ച് ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലാണ് ദുരിതം കൂടുതൽ. സെൻട്രൽ ജംഗ്ഷനിലെ ഹെെമാസ്റ്റ് വിളക്ക് നിലച്ചതോടെ സന്ധ്യ മയങ്ങിയാൽ നഗരമദ്ധ്യം പൂർണമായി ഇരുട്ടിന്റെ പിടിയിലാണ്. വാഹനങ്ങൾ, സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമെത്തുന്ന വെളിച്ചമാണ് യാത്രക്കാർക്ക് അല്പമെങ്കിലും ആശ്രയം. ഇടറോഡുകളിലേയും ഗ്രാമപ്രദേശങ്ങളിലേയും സ്ഥിതി ഇതിലും ഗുരുതരമാണ്. ക്രിസ്മസ്, ചന്ദനക്കുടം, ചിറപ്പ് തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്നു. അതിനു മുമ്പായി വഴിവിളക്കുകൾ തെളിയിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷയും വിശ്വാസവും. 15വർഷത്തിനു മുൻപ് സ്ഥാപിച്ച വഴിവിളക്കുകളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തതാണ് വഴിവിളക്കുകൾ പ്രവർത്തനരഹിതമാകാൻ കാരണം. ഓരോ കൗൺസിൽ കൂടുമ്പോഴും വഴിവിളക്കുകൾ തെളിയിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ നടപ്പിലാകുന്നില്ല.
നഗരത്തിലെ ഹൈമാസ്റ്റ് വിളക്കുകളുടെ അറ്റകുറ്റ പണികൾക്ക് മൂന്ന് ലക്ഷവും വഴി വിളക്കുകൾ എൽ.ഇ.ഡിയാക്കുന്നതിന് 32 ലക്ഷവും ഉൾപ്പെടെ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ്. 37 വാർഡുകളിലെ ആറായിരത്തോളം വഴിവിളക്കുകൾ എൽ.ഇ.ഡിയാക്കാനാണ് തീരുമാനം. അഞ്ചര കിലോമീറ്റർ ദൂരംവരുന്ന ചങ്ങനാശേരി ബൈപാസിലെ 120 വഴിവിളക്കുകളും എൽ.ഇ.ഡിയാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട് --
ലാലിച്ചൻ കുന്നിപ്പറമ്പിൽ, നഗരസഭ ചെയർമാൻ