കോട്ടയം: സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിംഗ് ദുരിതത്തിന് ഇന്നലെയും പരിഹാരമായില്ല. ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പുനരാരംഭിച്ചെങ്കിലും ഉച്ചവരെ വളരെ കുറച്ചുപേർക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞത്. അതേസമയം ആരും പരിഭ്രാന്തരാവേണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ബദൽമാർഗം ഒരുക്കിയിട്ടുണ്ടെന്നുമാണ് ജില്ലാ അക്ഷയകേന്ദ്രത്തിൽ നിന്ന് പറയുന്നത്.അക്ഷയ കേന്ദ്രങ്ങളുടെ കുറവും വലിയ പ്രശ്‌നമാകുന്നുണ്ട്. മിക്ക അക്ഷയ കേന്ദ്രങ്ങളിലും രാവിലെ മുതൽ കാത്തുനിന്നവർ നിരാശരായി മടങ്ങി.കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും എത്തിയത്. വാർഡ് തലത്തിൽ സൗകര്യമുണ്ടാക്കുന്നത് ചില പഞ്ചായത്തുകൾ പരിഗണിക്കുന്നുണ്ടെങ്കിലും പ്രായോഗികമാകുമെന്ന് ഉറപ്പില്ല. അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
വ്യാജ കേന്ദ്രങ്ങൾ
മസ്റ്ററിംഗിന് അധികാരമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ അനധികൃതമായി ഇതു നടത്തുന്നതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. ചിലയിടങ്ങളിൽ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
സർട്ടിഫിക്കറ്റിനും നെട്ടോട്ടം
പുനർവിവാഹം ചെയ്തിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രത്തിനായും വിധവകളായ പെൻഷൻകാർ നെട്ടോട്ടത്തിലാണ്. ഇതിനൊപ്പം പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും നൽകണം.
ഇനി 3 ദിവസങ്ങളിൽ
ജില്ലയിലെ മസ്റ്ററിംഗ് എല്ലാ ആഴ്ചയിലും മൂന്ന് ദിവസത്തേയ്ക്ക് മാത്രമായി നിജപ്പെടുത്തി. സൈറ്റ് ഹാംഗാകുന്ന പ്രതിസന്ധി ഒഴിവാക്കാൻ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്റ്ററിംഗ് നടത്തുക.
ജില്ലയിൽ
189
അക്ഷയ
'' മൂന്നും നാലും ഡിവൈസ് ഉപയോഗിച്ച് സൈറ്റിന്റെ ശേഷി വർദ്ധിപ്പിക്കും. മൾട്ടി ലോഗിൻ അനുവദിച്ചുകൊണ്ട് പരമാവധി വേഗം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് ശ്രമം''
- ജില്ലാ ഓഫീസർ, അക്ഷയ വിഭാഗം
മസ്റ്ററിംഗ് എന്നാൽ
പെൻഷൻ വാങ്ങുന്നത് അർഹതപ്പെട്ടയാൾ തന്നെയെന്ന് ഉറപ്പാക്കാനാണ് മസ്റ്ററിംഗ്. പെൻഷൻകാർ മരിച്ചിട്ടും വർഷങ്ങളായി ഇക്കാര്യം മറച്ചുവച്ച് ആശ്രിതർ ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ട്. അതുപോലെ പുനർവിവാഹിതരും. ഇതിലൂടെ കോടികളാണ് സർക്കാരിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അതിന് തടയിടാനാണ് മസ്റ്ററിംഗ്. മറ്റൊരുഅർത്ഥത്തിൽ പറഞ്ഞാൽ പെൻഷൻ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്തലാണ് മസ്റ്ററിംഗ്. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗിന് ഫീസില്ല.അക്ഷയ കേന്ദ്രങ്ങൾക്കുള്ള തുക സർക്കാർ നൽകും. ഏതെങ്കിലും അക്ഷയ കേന്ദ്രം പണം ആവശ്യപ്പെട്ടാൽ തദ്ദേശസ്ഥാപനത്തിലോ ജില്ലാ അക്ഷയ ഓഫീസിലോ പരാതി നൽകാം.