neerika

അയർക്കുന്നം : മീനച്ചിലാറിന്റെ തീരം ഇടിഞ്ഞ് ആ‌ഞ്ഞിലിമരം കൽക്കെട്ട് അടക്കം ആറ്റിൽ പതിച്ചു. അയർക്കുന്നം നീറിക്കാട് കാക്കത്തോട് പൊട്ടനാനിക്കൽ ഭാഗത്താണ് ആറ്റുതീരം ഇടിഞ്ഞു താണത്. തുടർച്ചയായ രണ്ടാം വർഷവും ആറ്റു തീരം അപകടകരമായ രീതിയിൽ ഇടിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ആറ്റു തീരം അപകടകരമായ രീതിയിൽ ഇടിഞ്ഞു താണിരുന്നു.

കാക്കാത്തോട് പൊട്ടനാനിക്കൽ ഭാഗത്ത് മുതലവാലേൽ - തിരുവഞ്ചൂർ റോഡിനോടു ചേർന്ന് പ്രദേശത്താണ് ഇത്തരത്തിൽ മീനച്ചിലാറിന്റെ തീരം ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിൽ വൻ ശബ്‌ദത്തോടെ പ്രദേശത്തെ കൽക്കെട്ട് മീനച്ചിലാറ്റിലേയ്‌ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇവിടെയുള്ള പരാശക്തിയിൽ രാജേഷിന്റെ വീടിനു സമീപത്തുള്ള ആഞ്ഞിലിമരമാണ് വൻ ശബ്‌ദത്തോടെ ആറ്റിലേയ്‌ക്കു പതിച്ചത്. ആഞ്ഞിലിമരവും, കൽക്കെട്ടും പൂർണമായും ഇടിഞ്ഞ് വെള്ളത്തിലേയ്‌ക്കു വീണു.

കുടമാളൂർ സ്വദേശി ആൽവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഈ റിസോർട്ടിന്റെയും കൽക്കെട്ട് പൂർണമായും ഇടിഞ്ഞു താണിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ രീതിയിൽ കൽക്കെട്ടും ആറ്റു തീരവും വെള്ളത്തിലേയ്‌ക്ക് ഇടിഞ്ഞു വീണിരുന്നു. എന്നാൽ, ഇത് നവീകരിക്കാനും സംരക്ഷണം ഒരുക്കാനും സർക്കാർ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ഇത്തവണയും സമാന രീതിയിലുള്ള അപകടം ഉണ്ടായതെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ആരോപിക്കുന്നു. അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയിസ് കൊറ്റത്തിൽ,പഞ്ചായത്തംഗം ജോസ് കൊറ്റം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.