പാലാ : പാലാ കിഴതടിയൂർ ബാങ്കിന്റെ 'കിസ്‌കോ ഹെൽത്ത് കോംപ്ലക്‌സിന്റെ ' ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 11ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഒരു ദശകം പിന്നിടുന്ന ഡയഗ്‌നോസ്റ്റിക് സെന്ററിലൂടെ ഇതേ വരെ 852. 08 ലക്ഷം രൂപയുടെ ഇളവുകളാണ് ജനങ്ങൾക്ക് ലഭ്യമാക്കിയതെന്ന് ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പനും സെക്രട്ടറി എസ്. ശ്രീലതയും പറഞ്ഞു.അൾട്രാസൗണ്ട്, സി.റ്റി. സ്‌കാൻ, ഡയാലിസിസ്, മാമോഗ്രാം, ദന്തൽ ഒ.പി.ജി, ഡിജിറ്റൽ എക്‌സ് റേ തുടങ്ങി പ്രധാനപ്പെട്ട എല്ലാ ടെസ്റ്റുകളും ഇവിടെ കുറഞ്ഞ നിരക്കിൽ ചെയ്തു വരുന്നു.
ആരോഗ്യ സംരക്ഷണ മേഖലയിലെ ചൂഷണങ്ങൾ ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പല എതിർപ്പുകളെയും അതിജീവിച്ച് പാലാ കിഴതടിയൂർ ബാങ്ക് ആരോഗ്യമേഖലയിലേക്ക് കടന്നു വന്നതെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. 40 ശതമാനം വരെ വിലക്കുറവിൽ അലോപ്പതി മരുന്നുകൾ ലഭ്യമാക്കുന്ന നീതി മെഡിക്കൽ സ്‌റ്റോറുകൾ, ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറുകൾ, ഔഷധി ആയൂർവ്വേദ വിൽപ്പന ശാല, കിസ്‌ക്കോ മിൽക്ക്, ഫിഷ് മാർട്ട്, പാലാ, ഈരാറ്റുപേട്ട, രാമപുരം, വൈക്കം എന്നിവിടങ്ങളിലെ ഡയഗ് നോസ്റ്റിക്ക് സെന്ററുകൾ എന്നിവയെല്ലാം ഇന്ന് കിഴതടിയൂർ ബാങ്ക് നേരിട്ടു നടത്തുന്നു.
നിലവിലെ ഡയഗ് നോസ്റ്റിക് സെന്ററിനു പിന്നിലായി ബാങ്കിനു സ്വന്തമായുള്ള 78 സെന്റ് സ്ഥലത്ത് വിശാലമായ വാഹന പാർക്കിംഗോടു കൂടി പതിനയ്യായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് കിസ്‌ക്കോ ഹെൽത്ത് കോംപ്ലക്‌സ് നിർമ്മിക്കുന്നത്. 'നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കാവലിൽ, ഒരമ്മയുടെ കരുതലോടെ ' എന്നതാണ് ആരോഗ്യമേഖലയിൽ കിഴതടിയൂർ സഹകരണ ബാങ്ക് മന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യം.
തിങ്കളാഴ്ച 11ന് ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പുതിയ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. സഹകരണ മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ബി.പി. പിള്ളയെ മാണി സി. കാപ്പൻ എം.എൽ. എ ആദരിക്കും. വി. എൻ. വാസവൻ, ആർ.ചന്ദ്രശേഖരൻ, കുര്യാക്കോസ് പടവൻ, സി.കെ. ശശിധരൻ, എൻ. ഹരി, വി.പ്രസന്നകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എം. എസ്. ശശിധരൻ നായർ, സെക്രട്ടറി എസ്. ശ്രീലത തുടങ്ങിയവർ പ്രസംഗിക്കും. ജോജോ മാത്യു വടക്കേക്കന്നേലിനെ ആദരിക്കും.