പാലാ : കേരള കോൺഗ്രസിലെ മുൻധാരണപ്രകാരം പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോ രാജിവച്ചു. ഇന്നലെ രാവിലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ രാജിപ്രഖ്യാപനം നടത്തിയ ചെയർപേഴ്‌സൺ, രാജിക്കത്ത് നഗരസഭാ സെക്രട്ടറി മുഹമ്മദിന് ഹുവായ്‌സിന് കൈമാറി. അടുത്ത ഊഴം ജോസ് കെ.മാണി പക്ഷക്കാരിയായ മേരി ഡോമിനിക്കിനാണ്. കുറഞ്ഞ കാലയളവിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടത്താനായതിൽ അഭിമാനമുണ്ടെന്ന് ബിജി പറഞ്ഞു.
വെള്ളം കെട്ടിക്കിടന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നിരന്തരം തകരുന്നതിന് പരിഹാരമായി 28 ലക്ഷം രൂപയുടെ പേവിംഗ് ബ്ലോക്ക് ഇടുന്ന പ്രോജക്ടിന് ഡി.പി.സി അംഗീകാരം ലഭിച്ചു. മഴ മാറിയാൽ ഉടൻ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. മികച്ച പദ്ധതി നിർവഹണത്തിന് സർക്കാരിന്റെ അംഗീകാരമായി പെർഫോമൻസ് ഗ്രാന്റായി 74 ലക്ഷം രൂപ സർക്കാരിൽ നിന്ന് നേടിയെടുക്കാനായി. സ്റ്റേഡിയത്തിൽ ടോയ്‌ലെറ്റ് കോംപ്ലക്‌സ്, സിവിൽ സ്റ്റേഷനിലും പോളിടെക്‌നിക്കിലും ശൗചാലയങ്ങൾ, സിന്തറ്റിക്ക് ട്രാക്ക് സ്‌റ്റേഡിയത്തിന്റെ വികസനം, പാവപ്പെട്ടവർക്കുള്ള വീടുകളുടെ നിർമ്മാണം എന്നിവ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിച്ചത് എല്ലാവരുടെയും സഹകരണം കൊണ്ടാണ്. പ്രവർത്തനരഹിതമായിരുന്ന പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റ് പുന:രാരംഭിച്ചതും വാർഡുകളിൽ ഹരിതകർമ്മ സേനയെ നിയോഗിച്ച് പ്ലാസ്റ്റിക്ക് കളക്ഷൻ ആരംഭിച്ചതും നേട്ടമാണ്.
ടൗൺ ബസ് സ്റ്റാൻഡിലെ തകർന്നു പോയ വെയിറ്റിംഗ് ഷെഡ് ഉയർന്ന നിലവാരത്തിൽ കെ.എം. മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിപ്പിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. രണ്ടാഴ്ചയ്ക്കകം ഇത് യാഥാർത്ഥ്യമാകുമെന്നും ഇവർ പറഞ്ഞു.
പടവനോട് ദൈവം ചോദിച്ചോളും
വൈസ് ചെയർമാൻ എന്ന നിലയിൽ കുര്യാക്കോസ് പടവന്റെ എതിർപ്പുകളും നിസഹകരണവും തന്നെ ഏറെ വേദനിപ്പിച്ചതായി ബിജി ജോജോ പറഞ്ഞു. പടവനോട് ദൈവം ചോദിച്ചോളും. പടവനും അദ്ദേഹത്തെ അനുകൂലിക്കുന്ന കൗൺസിലർമാരും യോഗത്തിന് എത്തിയിരുന്നില്ല.