കോട്ടയം: പൊലീസും മോട്ടോർ വാഹന വകുപ്പും മാറി മാറി പിഴയീടാക്കിയിട്ടും തല സംരക്ഷിക്കാൻ തയ്യാറാകാത്തവർ ഒടുവിൽ ഹൈക്കോടതിയ്‌ക്കു മുന്നിൽ മുട്ടുമടക്കി. ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ ഹെൽമറ്റ് കച്ചവടം ഇരട്ടിയായി . കുട്ടികൾക്കു വരെയുള്ള ഹെൽമറ്റ് കൂടി വിപണിയിൽ എത്തിച്ചെന്നതാണ് ഈ വിധിയുടെ സവിശേഷത. ഇതിനിടെ ഡിസംബർ ഒന്നു വരെ പിഴയ്‌ക്ക് ഇളവ് നൽകിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ, പിന്നിലിരിക്കുന്ന യാത്രക്കാർക്ക് ബോധവത്കരണം 'ആഘോഷമാക്കി".

മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷമുണ്ടായ അപകടങ്ങളിൽ മരിച്ചവരിൽ 30 ശതമാനവും പിൻ സീറ്റ് യാത്രക്കാരാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായത് 15 ശതമാനം ആളുകളാണ്.

മരിച്ചവരിൽ 92 പേരും ഇരുചക്രവാഹനയാത്രക്കാർ

കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ 2758 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 1230 എണ്ണത്തിലും ഒരു ഭാഗത്ത് ഇരുചക്ര വാഹനമായിരുന്നു. 3025 പേർക്ക് പരിക്കേറ്റപ്പോൾ, 279 പേരാണ് അപകടങ്ങളിൽ മരിച്ചത്. മരിച്ചവരിൽ 92 പേരും ഇരുചക്രവാഹനയാത്രക്കാരായിരുന്നു. ഇവരിൽ മുപ്പത് പേരെങ്കിലും പിൻ സീറ്രിൽ യാത്ര ചെയ്‌തവരാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.

അപകട സാദ്ധ്യത

25 കി.മീറ്ററിൽ കൂടുതൽവേഗമുള്ള വാഹനത്തിലെ അപകടം മരണകാരണമാകാം.

മുന്നിൽ സഞ്ചരിക്കുന്നവരേക്കാൾ അപകട സാദ്ധ്യത പിൻസീറ്റ് യാത്രക്കാർക്ക്

 അപകടത്തിൽപ്പെട്ടാൽ യാത്രക്കാരന്റെ തലയാകും ആദ്യം റോഡിൽ ഇടിക്കുക.

രണ്ടു ദിവസത്തിനിടെ 50 ശതമാനമെങ്കിലും കച്ചവടത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഞ്ചു ബ്രാൻഡിലുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്. 600 മുതൽ 1500 രൂപയുടെ വരെ ഹെൽമറ്റുകൾ ലഭിക്കും.

ശിവൻ, വ്യാപാരി