കണമല : ആയിരക്കണക്കിന് ശബരിമല തീർത്ഥാടകർ കടന്നു പോകുന്ന പമ്പയാറിന് കുറുകെയുള്ള കണമലപാലത്തിൽ പൊട്ടൽ. പ്രീ ട്രെസ്സ്ഡ് കോൺക്രീറ്റ് സ്ലാബ് പാളികൾ അടുക്കിയാണ് പാലത്തിൽ റോഡ് നിർമിച്ചിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബുകൾ പരസ്പരം ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് മിശ്രിതം പൊളിയുന്നത് കഴിഞ്ഞ ശബരിമല സീസണിലും പ്രകടമായിരുന്നു. വാഹനസഞ്ചാരം വർദ്ധിക്കുന്നത് മൂലം കോൺക്രീറ്റ് സ്ലാബുകൾ ചേരുന്ന ഭാഗത്ത് ഭാരവും സമ്മർദ്ദവും കൂടി തേയ്മാനമുണ്ടാകുന്നത് മൂലമാണ് മിശ്രിതം അടരുന്നതെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. പാലത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണി ഇല്ലെന്നും പറയുന്നു. അതേസമയം കോൺക്രീറ്റ് പാളികളിലെ പൊട്ടൽ മൂലം കമ്പികൾ തെളിഞ്ഞിട്ടുണ്ടെന്നും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ അടിയന്തിര പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.