രാജാക്കാട് : പതിമൂന്ന് കാരിയായ മദ്ധ്യപ്രദേശ് സ്വദേശിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ അകന്ന ബന്ധുവായ യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശ് മണ്ഡൽ സ്വദേശി പ്യാരിലാൽ (26) ആണ് രാജാക്കാട് സി.ഐ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.അകന്ന ബന്ധുവും അയൽക്കാരുമായ പ്യാരിലാൽ രാജകുമാരിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് ഏതാനും ദിവസം മുൻപ് പെൺകുട്ടിയെയും കൂട്ടി ജോലി തേടി എന്ന വ്യാജേന രാജകുമാരിയിൽ നിന്നും രാജാക്കാട് ഭാഗത്ത് എത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാജാക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയെ ജില്ലാ ശിശു ക്ഷേമ സമിതി അധികൃതർക്ക് കൈമാറി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.