തലയോലപ്പറമ്പ്: മദ്ധ്യവയസ്‌ക്കന് സോഡാ കുപ്പിക്ക് കുത്തേറ്റ സംഭവത്തിൽ ഇതര സംസ്ഥാനക്കാരനടക്കം രണ്ട് പേരെ പൊലീസ് പിടികൂടി. തലയോലപ്പറമ്പ് അടിയം ചെട്ടുതറയിൽ മധു (42),ആസ്സാം ജാർഖണ്ട് ഡിഗിയാഗൂൺ സ്ട്രീറ്റിൽ കമാൽ( 38) എന്നിവരെയാണ് ഇന്നലെ രാവിലെ തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. തലയോലപ്പറമ്പ് കോലത്താർ അങ്ങാടിമുറ്റത്ത് പ്രസാദിനാണ് (53) കുത്തേറ്റത്. ബുധനാഴ്ച രാത്രി 9 മണിയോടെ തലയോലപ്പറമ്പ് പഞ്ചായത്ത് ജംഗ്ഷന് സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും പ്രസാദുമായി വാക്ക് തർക്കമുണ്ടാവുകയും ഇതിനിടെ സമീപത്തെ പെട്ടിക്കടയിൽ വച്ചിരുന്ന സോഡാ കുപ്പി പൊട്ടിച്ച ശേഷം ഇരുവരും ഇയാളെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചുണ്ടിനും താടിക്കും ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് ജംഗ്ഷന് സമീപം പണിയുന്ന കെട്ടിടത്തിൽ നിർമ്മിണ സാമഗ്രികളുടെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.