വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിക്ക് സമാപനം കുറിച്ച് ഇന്നലെ ആറാട്ട് നടന്നു. വൈകിട്ട് 6 മണിയോടെ തന്ത്രി കിഴക്കിനേടേത്ത് മാധവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും ചൈതന്യം വൈക്കത്തപ്പന്റെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി അനൂപ് നമ്പൂതിരി ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ വേമ്പനാട് അർജുനൻ തിടമ്പേറ്റി. പീച്ചിയിൽ ശ്രീമുരുകൻ, ചൂരൂർ മഠം രാജശേഖരൻ എന്നീ ഗജവീരന്മാരും വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ഉദയനാപുരം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് ഇരുമ്പൂഴിക്കര ആറാട്ട് കടവിലാണ് വൈക്കത്തപ്പന്റെ ആറാട്ട്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം കയറി നിന്ന വൈക്കത്തപ്പനെ ഉദയനാപുരത്തപ്പൻ എഴുന്നള്ളി വരവേറ്റു. കുളമാക്കിൽ പാർത്ഥസാരഥി ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി.
ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ചാണ് കൂടിപ്പൂജ. ഈ സമയം ചോറൂണ്, അടിമ, തുല ഭാരം എന്നിവ നടത്തുന്നത് പ്രധാനമായതിനാൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിചേർന്നിരുന്നു. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് മടങ്ങി
മുക്കുടി ഇന്ന്
അഷ്ടമിയുടെ ഭാഗമായ വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം ഇന്ന് നടക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി പതിമൂന്നു ദിവസത്തെ നിത്യനിദാനം ഉൾപ്പെടെയുള്ള പൂജാ ക്രമങ്ങളിൽ വന്ന്പെട്ടേക്കാവുന്ന രോഗാവസ്ഥയ്ക്ക് പ്രതിവിധിയായി ഭഗവാന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി . അതീവ രഹസ്യങ്ങളായ ചില ഔഷധ കൂട്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ തയാറാക്കുന്ന ഔഷധ കൂട്ട് ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്കാണ് ഭഗവാന് സമർപ്പിക്കുന്നത്. ഭഗവാന് നിവേദിച്ച ശേഷം മുക്കുടിപ്രസാദമായി ഭക്തർക്ക് നല്കും. വൈക്കത്തപ്പന്റെ മുക്കുടി നിവേദ്യം ഉദര രോഗങ്ങൾക്ക് സിദ്ധൗഷധമായി കരുതപ്പെടുന്നു.