സംഭവത്തിൽ ദുരൂഹത ; യുവതി പൊലീസ് നീരീക്ഷണത്തിൽ
കോട്ടയം : ഭർത്താവ് ഉപേക്ഷിച്ചു പോയ കൈപ്പുഴ സ്വദേശിയായ 28 കാരി വീടിനുള്ളിൽ പ്രസവിച്ച കുട്ടി മരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഡൽഹിയിൽ നഴ്‌സായ യുവതി രണ്ടര മാസം മുൻപാണ് വീട്ടിലെത്തിയത്. രണ്ടുവർഷം മുൻപ് യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. വീട്ടുകാരോട് ഗർഭിണിയാണെന്നു യുവതി പറഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെ മാതാവും പിതാവും ജോലിയ്‌ക്കു പോയ ശേഷം യുവതി കുട്ടിയ്‌ക്ക് ജന്മം നൽകുകയായിരുന്നു. കുട്ടി മരിച്ചതോടെ മൃതദേഹം ബക്കറ്റിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ച ശേഷം വിവരം പിതാവിനെ അറിയിച്ചു. പിതാവ് എത്തി യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമിത രക്തസ്രാവത്തോടെ കുട്ടിയില്ലാതെ യുവതി ആശുപത്രിയിൽ എത്തിയതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. യുവതിയുടെ മൊഴിയെടുത്തതോടെയാണ് കുട്ടി മരിച്ചത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് വീട്ടിലെത്തി നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമെ മരണ കാരണം വ്യക്തമാകൂവെന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.