കോട്ടയം : ബക്കറ്റിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് ഉപേക്ഷിച്ച യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കി. ശിശുവിന്റെ പോസ്റ്റുമോർട്ടം ഫലം വന്ന ശേഷമേ കുട്ടിയുടെ മരണത്തിൽ വ്യക്തത വരൂവെന്ന് ഗാന്ധിനഗർ സി.ഐ അനൂപ് ജോസ് പറഞ്ഞു. കൈപ്പുഴ സ്വദേശിയായ 28 കാരി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് വീട്ടിൽ പ്രസവിച്ചത്. പ്രസവിച്ചയുടനെ കുട്ടി മരിച്ചുവെന്നും മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് സി.ഐയും സംഘവും വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ ശിശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. ഡൽഹിയിൽ നഴ്‌സായ യുവതി രണ്ടര മാസം മുൻപാണ് വീട്ടിലെത്തിയത്. രണ്ടുവർഷം മുമ്പ് യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. വീട്ടുകാരോട് ഗർഭിണിയാണെന്ന വിവരം യുവതി പറഞ്ഞിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു പ്രസവം. മൃതദേഹം ബക്കറ്റിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ച ശേഷം വിവരം യുവതി പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവ് എത്തി യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമിത രക്തസ്രാവത്തോടെ കുട്ടിയില്ലാതെ യുവതി ആശുപത്രിയിൽ എത്തിയതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.